Share this Article
News Malayalam 24x7
മഹുവാ മൊയ്ത്ര എംപിയ്ക്ക് കേരള പൊലീസിന്റെ നോട്ടീസ്; പോസ്റ്റ് ഉടൻ നീക്കിയില്ലെങ്കില്‍ നിയമനടപടിയെന്ന് നോട്ടീസിൽ
വെബ് ടീം
posted on 25-03-2026
1 min read
mahua-moitra

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തിൽ ബി.ജെ.പിയുടെ സീല്‍ വന്നത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ട തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവാ മൊയ്ത്രക്ക് കേരള പൊലീസിന്റെ നോട്ടീസ്. പോസ്റ്റ് തെരഞ്ഞെടുപ്പ് കമ്മീഷനെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും സാമുദായിക ഐക്യത്തിന് ഭീഷണിയാണെന്നും നോട്ടീസിൽ പറയുന്നു. പോസ്റ്റ് ഉടൻ നീക്കിയില്ലെങ്കില്‍ നിയമനടപടിയെടുക്കുമെന്നും നോട്ടീസിലുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയച്ച കത്തിലാണ് ബി.ജെ.പി കേരളയുടെ സീല്‍ പതിച്ചത്. സംഭവം വലിയ വിവാദത്തിനും വിമര്‍ശനത്തിനുമിടയാക്കിയിരുന്നു. അതിനിടെയാണ് പോസ്റ്റിട്ട എം.പിക്കെതിരെ കേരള പൊലിസിന്‍റെ നോട്ടീസ്.തനിക്കു ലഭിച്ച നോട്ടീസ് മഹുവമൊയ്ത്ര സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. തന്റെ പോസ്റ്റ് സാമുദായിക ഐക്യം തകര്‍ക്കുമെന്നതാണ് നോട്ടീസിലെ ഏറ്റവും മികച്ച വരിയെന്ന് മഹുവ പരിഹസിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ നെറ്റിയില്‍ ബി.ജെ.പി ചിഹ്നം പതിച്ച ഫോട്ടോ താന്‍ എക്‌സില്‍ പങ്കുവെച്ചിരുന്നെന്നും അത് 'സാമുദായിക ഐക്യം' ഇതിനേക്കാള്‍ തകര്‍ക്കുന്നതാണെന്നും പൊലീസ് നടപടിയെ പരിഹസിച്ച് മഹുവ പറഞ്ഞു.

അതേ സമയം  രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയ കത്തിൽ ബിജെപിയുടെ സീൽ പതിഞ്ഞതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടവർക്ക് കേരള പൊലീസ് കൂട്ടത്തോടെ നോട്ടീസ് അയച്ചു. ഈ നടപടി തെരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന നിർദേശപ്രകാരമാണെന്ന് പൊലീസ് വ്യക്തമാക്കി. ഔദ്യോഗിക വിശദീകരണം വന്നിട്ടും തുടരുന്ന ഇത്തരം പ്രചാരണങ്ങൾ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ തകർക്കുന്നതാണെന്നാണ് കമ്മീഷന്റെ വാദം. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസിനെക്കൊണ്ട് നോട്ടീസ് അയപ്പിക്കാൻ കമ്മീഷൻ തീരുമാനിച്ചത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories