Share this Article
News Malayalam 24x7
ഹര്‍ഭജന്‍ സിങ്, രാഘവ് ഛദ്ദയടക്കം ഏഴ് എംപിമാര്‍ ബിജെപിയിലേക്ക്; ആം ആദ്മിക്ക് വൻ തിരിച്ചടി
വെബ് ടീം
posted on 24-04-2026
1 min read
aap

ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടിയില്‍ വന്‍ പിളര്‍പ്പ്. പ്രമുഖ നേതാവ് രാഘവ് ഛദ്ദയടക്കം ഏഴ് രാജ്യസഭാ എംപിമാര്‍ ബിജെപിയിലേക്ക്. അശോക് മിത്തൽ, സന്ദീപ് പഥക് എന്നിവരും രാഘവ് ഛദ്ദയ്ക്കൊപ്പം പാർട്ടി വിട്ട് ബിജെപിയിൽ ചേരും. രാജ്യസഭയിലെ ആം ആദ്മി പാർട്ടിയുടെ മൂന്നിൽ രണ്ട് അംഗങ്ങളും തങ്ങൾക്കൊപ്പം ഉണ്ടെന്നും ഭരണഘടനാപരമായ വ്യവസ്ഥകൾ പാലിച്ച് ബിജെപിയിൽ ലയിക്കുകയാണെന്നും രാഘവ് ചദ്ദ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.'തെറ്റായ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്ന ശരിയായ മനുഷ്യനായിരുന്നു ഞാന്‍. അതുകൊണ്ടുതന്നെ ഞാന്‍ ആംആദ്മി പാര്‍ട്ടി വിട്ട് പോവുകയാണ്, അതായത്, ഞാന്‍ കുറച്ചുകൂടി ജനങ്ങളുടെ അടുത്തേക്ക് പോകുകയാണ്.' ഛദ്ദ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പത്ത് രാജ്യസഭാ അംഗങ്ങളുള്ള എഎപിയിലെ മൂന്നില്‍ രണ്ട് എംപിമാരും തങ്ങളോടൊപ്പം ചേരുമെന്നും ഛദ്ദ അറിയിച്ചു.രാജ്യസഭയിലെ 10 എഎപി എംപിമാരിൽ മൂന്നിൽ രണ്ട് ഭാഗവും ബിജെപിയിൽ ലയിക്കുമെന്നാണ് റിപ്പോർട്ട്. ഭരണഘടനാപരമായ ലയന വ്യവസ്ഥകൾ പാലിക്കുന്നതിനാൽ ഇവർക്ക് എംപി സ്ഥാനം നഷ്ടമാകില്ല. ഹർഭജൻ സിങ്, സ്വാതി മലിവാൾ, രാജീന്ദർ ഗുപ്ത, വിക്രം സാഹ്നി എന്നിവരും ബിജെപിയിൽ ചേരും. ബിജെപിയിൽ എത്തിയ രാഘവ് ഛദ്ദ കേന്ദ്രമന്ത്രി ആയേക്കുമെന്നാണ് സൂചന.

കൂറുമാറ്റനിയമപ്രകാരം ഏഴ് പേരെയും അയോഗ്യരാക്കാന്‍ ആവശ്യപ്പെടുമെന്ന് എഎപി പറഞ്ഞു. ഇവര്‍ ജനങ്ങളെ വഞ്ചിച്ചെന്നും ഓപ്പറേഷന്‍ താമരയാണ് ഉണ്ടായിരിക്കുന്നതെന്നും ആം ആദ്മി പാര്‍ട്ടി പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories