ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരിച്ചവരുടെ എണ്ണം നൂറായി. കനത്ത കാറ്റിലും മഴയിലും ഉത്തര്‍പ്രദേശിലെ വിവിധ ജില്ലകളില്‍ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്.
പല ജില്ലകളിലും മരങ്ങളും വൈദ്യുതി പോസ്റ്റുകളും കടപുഴകി വീണു, നിരവധി വീടുകളും തകര്‍ന്നു.പ്രയാഗ് രാജില്‍ മാത്രം 21 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടതും പ്രയാഗ് രാജിലാണ്. ബദോഹിയില്‍ 18 പേരും മിര്‍സാപൂരില്‍ 15 പേരും മരണപ്പെട്ടു. ഫത്തേഹ്പൂര്‍ - 10, ഉന്നാവോ- 6, ബദൗന്‍- 6, പ്രതാപ്ഗഡ്- 4, ബറേലി-4, സിതാപൂര്‍, റായ്ബറേലി, ചന്ദൗലി എന്നിവടങ്ങളില്‍ രണ്ട് പേര്‍ വീതവും മരണപ്പെട്ടു. കാണ്‍പൂര്‍ ദേഹത്, ഹര്‍ദോയ്, സംഭാല്‍ എന്നിവിടങ്ങളില്‍ നിന്ന് രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൗശാമ്പി, ഷാജഹാന്‍പൂര്‍, സോന്‍ഭദ്ര, ലഖിംപൂര്‍ എന്നിവിടങ്ങളില്‍ ഒരാള്‍ വീതം മരിച്ചു.കാറ്റില്‍ നിന്ന് രക്ഷപ്പെടാന്‍ കയറി നിന്ന ഇടങ്ങളിലേക്ക് വലിയ മരങ്ങള്‍ കടപുഴകി വീണും മതില്‍ ഇടിഞ്ഞു വീണുമൊക്കെയാണ് മരണങ്ങള്‍ സംഭവിച്ചത്.
ടിൻ ഷെഡ് പിടിച്ചുനിർത്താൻ ശ്രമിച്ച ആളെ ആകാശത്തേക്ക് എടുത്തുയർത്തി എറിഞ്ഞ കാറ്റിന്റെ ഭയാനക മുഖം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.ബറേലിയിലെ ഭമോറ ഏരിയയിൽ നിന്നുള്ള അൻപതുകാരനായ നഞ്ചെ ഖാൻ ആണ് കാലിനു ഒടിവോടെയും പരിക്കുകളോടെ രക്ഷപ്പെട്ടത്.