കണ്ണൂർ: നടി റിനി ആൻ ജോർജ് സത്യപ്രതിജ്ഞാ ചടങ്ങളിൽ പങ്കെടുത്തതിലും അതിനു വിഐപി പാസ് നേടാൻ സഹായിച്ചവരെയും നിശിതമായി വിമർശിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ.സത്യപ്രതിജ്ഞാ ചടങ്ങിൽ എത്തിയ റിനിയെ കോൺഗ്രസ് പ്രവർത്തകർ കൂവിവിളിച്ച് അധിക്ഷേപിച്ചിരുന്നു. റിനി വേദിയിൽ എത്തിയതിനെതിരെ വ്യാപക വിമർശനവും ഉയർന്നു. ഈ അവതാരത്തെ കരുതിയിരിക്കുക എന്ന് എഴുതിയ റിനിയുടെ ചിത്രം വിജിൽ മോഹനൻ ഫെയ്സ്ബുക്കിൽ പങ്കുവച്ചു. വിജിൽ മോഹനനു പിന്തുണയുമായി നിരവധിപ്പേർ കമന്റ് ചെയ്തിട്ടുണ്ട്. വിഐപി പാസ് വാങ്ങി റിനി എങ്ങനെയാണ് അകത്ത് പ്രവേശിച്ചതെന്നാണ് വിജിൽ ചോദിക്കുന്നത്.
‘‘നമ്മുടെ പല സഹപ്രവർത്തകർക്കും ഒന്നാം പന്തലിരിപ്പിടത്തിലേക്കു പോലും എത്താനോ സ്റ്റേഡിയത്തിലേക്കു പ്രവേശിക്കാനോ കഴിയാതിരുന്നപ്പോൾ എങ്ങനെയാണ് വിഐപി പാസ് നേടി റിനി ആൻ ജോർജിനെപ്പോലെ ഈ പാർട്ടിക്കെതിരെ സംസാരിക്കുകയും പാർട്ടിക്ക് ഇത്രമാത്രം പേരുദോഷം ഉണ്ടാക്കുകയും ചെയ്ത ഒരാൾ അകത്ത് കയറിക്കൂടിയത്? കേരളത്തിലങ്ങോളമിങ്ങോളം സംഘടനാ പ്രവർത്തനങ്ങളിലും പ്രചാരണ പ്രവർത്തനങ്ങളിലും നടന്ന ജ്യോതി വിജയകുമാറിനെ പോലെയുള്ള ആളെപ്പോലും പൊലീസ് തടയുന്നതു നമ്മൾ കണ്ടു. എന്നാൽ റിനി ആൻ ജോർജിനെ ആരും തടഞ്ഞില്ല. അവർ വേദിയിൽ വരെ എത്തി. അതീവ സുരക്ഷയുള്ള തെലങ്കാന മുഖ്യമന്ത്രിയോടൊപ്പം ഫോട്ടോ എടുത്തു.വിജയിച്ച് വന്ന യുഡിഎഫിന്റെ എംഎൽഎമാരിൽ പലർക്കും ആ വേദിയിൽ എത്താൻ കഴിഞ്ഞിരുന്നില്ല.‘‘എല്ലാ പ്രിയപ്പെട്ട നേതാക്കളോടുമാണ് എനിക്ക് പറയാനുള്ളത്, ഇത്തരം അവതാരങ്ങളെ സൂക്ഷിക്കണം. ഇത്തരം ആളുകൾ ഓഫിസുകളിലേക്കു കടന്നുകയറിയതിന്റെ ഫലം കോൺഗ്രസ് നന്നായി അറിഞ്ഞതാണ്. സ്വപ്നയും സരിതയും കയറിയതിന്റെ ഫലം രണ്ട് മുൻ മുഖ്യമന്ത്രിമാർ അനുഭവിച്ചതും നമുക്ക് അറിയാം. നീതിമാനായ ഉമ്മൻ ചാണ്ടിയെ വേട്ടയാടിയതു നമ്മൾ മറന്നിട്ടില്ല. ഇത്തരം അവതാരങ്ങൾ അധികാരമുള്ളപ്പോഴെല്ലാം വരും. ഇവളാണ് പറവൂരിൽ വി.ഡി. സതീശനെതിരെ സംഘടിപ്പിച്ച സ്ത്രീകളുടെ യോഗത്തിൽ പങ്കെടുത്തത്. അന്ന് അവൾ കോൺഗ്രസ് വിരുദ്ധ വേദിയിലായിരുന്നു. കോൺഗ്രസിനെ കളിയാക്കിയും ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്നതും നമ്മൾ കണ്ടതാണ്. എന്നിട്ടും ഇവളെപ്പോലുള്ള ആളുകളെ പ്രോത്സാഹിപ്പിക്കുന്ന ഏതെങ്കിലും ഓഫിസിലെ ജീവനക്കാരുണ്ടെങ്കിൽ അവരോട് ഞങ്ങൾ പറയും; നിങ്ങൾ ഉണ്ടാക്കിയെടുത്തതല്ല ഈ സർക്കാർ. ഞങ്ങൾ തെരുവിൽ സമരം ചെയ്ത് ഉണ്ടാക്കിയെടുത്തതാണ്. ആ സർക്കാരിനെ തകർക്കാനുള്ള ഇത്തരം അവതാരങ്ങളുടെ ഒരു ശ്രമത്തെയും ഞങ്ങൾ അനുവദിക്കില്ല. അംഗീകരിക്കില്ല’’– വിജിൽ കുറിച്ചു.