ന്യൂഡൽഹി: വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനും കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ ആദ്യ ചെയർമാനുമായ ധനേന്ദ്ര കുമാർ അന്തരിച്ചു. ഡൽഹിയിലെ ഹൗസ് ഖാസിലെ വീട്ടിൽ എസി പൊട്ടിത്തെറിച്ചതിനെ തുടർന്നുണ്ടായ തീപിടുത്തത്തിലാണ് മരണം. അപകടത്തിൽ പരുക്കേറ്റ അദ്ദേഹത്തിന്റെ മകൻ ചികിത്സയിലാണ്.ഇന്നലെ രാത്രി 11 മണിക്കുശേഷമാണ് സംഭവം. കുടുംബാംഗങ്ങളും വീട്ടുജോലിക്കാരും ഉൾപ്പെടെ അഞ്ച് പേരാണ് വീട്ടിൽ ഉണ്ടായിരുന്നത്. വിവരമറിഞ്ഞെത്തിയ പൊലീസും അഗ്നിരക്ഷാസേനയും ചേർന്നാണ് വീട്ടിൽ ഉണ്ടായിരുന്ന വരെ രക്ഷപ്പെടുത്തിയത്.
80 വയസ്സുള്ള ധനേന്ദ്ര കുമാരിനെയും മകനെയും ഉടൻ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പുക ശ്വസിച്ചതിനെ തുടർന്നാണ് ധനേന്ദ്ര കുമാറിന്റെ മരണം. മകൻ അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ അസ്വാഭാവികതയിെല്ലന്നാണ് പൊലീസ് പറയുന്നത്.കേന്ദ്ര സർക്കാരിലും ഹരിയാന സർക്കാരിലും നിരവധി ഉയർന്ന പദവികൾ വഹിച്ചിട്ടുണ്ട്. പ്രതിരോധ മന്ത്രാലയം, റോഡ് ഗതാഗത- ദേശീയപാത മന്ത്രാലയം, സാംസ്കാരിക മന്ത്രാലയം എന്നിവയിൽ കേന്ദ്ര സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.