Share this Article
News Malayalam 24x7
നടൻ അജിത്കുമാറിന്റെ അമ്മ മോഹിനി മണി അന്തരിച്ചു, ആശ്വസിപ്പിച്ചും ആദരാഞ്ജലികളർപ്പിച്ചും തമിഴ് സിനിമാലോകം
വെബ് ടീം
posted on 30-05-2026
1 min read
ajith mother

തമിഴ് സൂപ്പർതാരം അജിത്കുമാറിന്റെ അമ്മ മോഹിനി മണി (85) അന്തരിച്ചു. ശനിയാഴ്ച രാവിലെ ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് അവർ കുറച്ചുനാളായി ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. 

വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രിയും നടനും അജിത്തിന്റെ സുഹൃത്തുമായ വിജയ്. അജിത്തിന്റെയും കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് വിജയ് എക്സിൽ കുറിച്ചു. "പ്രിയ സുഹൃത്ത് അജിത് കുമാറിന്റെ മാതാവ് ശ്രീമതി മോഹിനി അമ്മയുടെ വിയോഗ വാർത്തയറിഞ്ഞ് അങ്ങേയറ്റം ദുഃഖിക്കുന്നു.പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു. ജീവിതത്തിലെ എല്ലാ ഘട്ടങ്ങളിലും നെടുംതൂണായിരുന്ന അമ്മയെ നഷ്ടപ്പെട്ട് വേദനിക്കുന്ന സുഹൃത്ത് ശ്രീ അജിത് കുമാറിന്റെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. അദ്ദേഹത്തിനും കുടുംബാംഗങ്ങൾക്കും എന്റെ അനുശോചനം രേഖപ്പെടുത്തുന്നു".- വിജയ് കുറിച്ചു.

നിലവിൽ ദുബായിൽ കാർ റേസിംഗുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്ന അജിത് കുമാർ അമ്മയുടെ അവസാന ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി ഉടൻ തന്നെ ചെന്നൈയിലേക്ക് തിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.ചെന്നൈ പാലവാക്കത്തുള്ള താരത്തിന്റെ വസതിയിലാണ് സംസ്കാര ചടങ്ങുകൾ നടക്കുകയെന്നും വിവരങ്ങളുണ്ട്.

മൂന്ന് വർഷം മുമ്പ് ഇതേ പ്രായത്തിൽ (85 വയസ്സ്)ത്തന്നെയാണ് അജിത്കുമാറിന്റെ അച്ഛൻ പി. സുബ്രഹ്മണ്യവും അന്തരിച്ചത്. 2023 മാർച്ച് 24-നായിരുന്നു അജിത്തിന്റെ പിതാവ് അന്തരിച്ചത്. മോഹിനി മണിയുടെ വേർപാടിൽ പ്രമുഖ രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും അനുശോചനം രേഖപ്പെടുത്തി. നടൻ കമൽഹാസൻ, ഡി.എം.കെ അധ്യക്ഷനും തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ, ബി.ജെ.പി നേതാവ് കെ. അണ്ണാമലൈ തുടങ്ങിയവർ അജിത് കുമാറിനെയും കുടുംബത്തെയും ആശ്വസിപ്പിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories