ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സമരത്തിനൊരുങ്ങി സാമൂഹ്യമാധ്യമത്തിലെ കൂട്ടായ്മയായ കോക്രോച്ച് ജനതാ പാർട്ടി. ഇതിനായി സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ വിദേശത്തുനിന്ന് ഡൽഹിയിലെത്തും.ജൂൺ ആറിന് താൻ ഇന്ത്യയിൽ എത്തുമെന്ന് സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിൽ അദ്ദേഹം അറിയിച്ചു. ഡൽഹി വിമാനത്താവളത്തിൽനിന്ന് നേരിട്ട് പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്ക് പോകുമെന്നും പ്രതിഷേധിക്കാൻ അനുമതി തേടുമെന്നും വീഡിയോയിൽ അഭിജിത് പറഞ്ഞു.
മഹാരാഷ്ട്ര സ്വദേശിയായ അഭിജിത് ദീപ്കെ നിലവിൽ ബോസ്റ്റണിലാണ് താമസിക്കുന്നത്.
സമൂഹമാധ്യമങ്ങളിൽ പരിഹാസരൂപേണ ആരംഭിച്ച രാഷ്ട്രീയ പാർട്ടിയായ സിജിപിക്ക് വൻ സ്വീകാര്യത ലഭിച്ചതിന് പിന്നാലെയാണ് അദ്ദേഹം ഇന്ത്യയിലേക്ക് എത്തുന്നത്. തന്നെ വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്യുമോ എന്ന് കുടുംബത്തിന് ഭയമുണ്ടെന്നും എന്നാല്‍ ഇന്ത്യ ജനാധിപത്യ രാജ്യമാണെന്ന് താൻ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.നീറ്റ് പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട് സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് സിജെപി സ്ഥാപകൻ അറിയിച്ചത്.