Share this Article
News Malayalam 24x7
ബജറ്റിൽ സിനിമയെ വ്യവസായമായി പ്രഖ്യാപിച്ച തീരുമാനത്തെ സ്വാഗതം ചെയ്ത് മോഹൻലാലും ആന്റോ ജോസഫും;കൊച്ചിയിൽ ഫിലിംസിറ്റി ഉൾപ്പെടെയുള്ള പ്രഖ്യാപനങ്ങളെ സ്വാഗതം ചെയ്ത് പൃഥ്വിരാജ്
വെബ് ടീം
posted on 19-06-2026
1 min read
budget

യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ സിനിമയെ വ്യവസായമായി പ്രഖ്യാപിച്ച തീരുമാനത്തെ സ്വാഗതം ചെയ്ത് മോഹൻലാൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തീരുമാനം സിനിമാ മേഖലയ്ക്ക് പുത്തനുണർവും വളർച്ചയും പ്രദാനം ചെയ്യുമെന്ന് പറഞ്ഞ മോഹൻലാൽ പ്രഖ്യാപനത്തിന് മുൻകൈയെടുത്ത മുഖ്യമന്ത്രി വി.ഡി. സതീശനും സിനിമാ-സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിനും നന്ദി പറഞ്ഞു.

ജെ.സി. ഡാനിയേലിന്റെ പേരിൽ കൊച്ചിയിൽ ഫിലിംസിറ്റി സ്ഥാപിക്കുമെന്നും സിനിമയെ വ്യവസായമാക്കുമെന്നുമുള്ള സർക്കാരിന്റെ പ്രഖ്യാപനം സന്തോഷവും അഭിമാനവും ആത്മവിശ്വാസവും നൽകുന്നുവെന്ന്  നടൻ പൃഥ്വിരാജ് സുകുമാരൻ പ്രതികരിച്ചു. ആന്റി പൈറസി സെൽ രൂപവത്കരിക്കുമെന്ന പ്രഖ്യാപനം സിനിമാമേഖലയ്ക്കൊരു രക്ഷാകവചമാകുമെന്ന് പ്രതീക്ഷിക്കാമെന്നും പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ കുറിച്ചു.അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് സ്ഥിരം വേദിയെന്നതുൾപ്പെടെ സിനിമയ്ക്ക് നല്കിയ മറ്റ് സമ്മാനങ്ങളും വിലപ്പെട്ടതാണ്. സർക്കാരിനും മുഖ്യമന്ത്രി വി.ഡി.സതീശനും സിനിമാമന്ത്രി പി.സി.വിഷ്ണുനാഥിനും നന്ദി." പൃഥ്വിരാജിന്റെ വാക്കുകൾ.
 
ചരിത്രത്തിലാദ്യമായി സിനിമാ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചതെന്ന് സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ചലച്ചിത്ര നിർമാതാവ് ആന്റോ ജോസഫ് പറഞ്ഞു. സിനിമയ്ക്ക് വ്യവസായപദവി കിട്ടുന്നതോടെ സിനിമയുടെ സമസ്തമേഖലകളിലും വളർച്ചയ്ക്ക് കളമൊരുങ്ങുമെന്നും പറഞ്ഞ അദ്ദേഹം മുഖ്യമന്ത്രിയ്ക്കും സിനിമാ-സാംസ്‌കാരിക മന്ത്രി പി.സി. വിഷ്ണുനാഥിനും നന്ദി അറിയിക്കുകയും ചെയ്തു.സിനിമയെ വ്യവസായമായി പ്രഖ്യാപിക്കണമെന്നത് കാലങ്ങളായുള്ള അവശ്യമാണെങ്കിലും ഇതുവരെ അത് ആരും ചെവിക്കൊണ്ടിരുന്നില്ല. എന്നാൽ പുതുയുഗ കേരളം ലക്ഷ്യമിടുന്ന, വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ ആദ്യബജറ്റിൽ തന്നെ ആ ചരിത്രപ്രഖ്യാപനം നടത്തിയിരിക്കുന്നു. വ്യവസായ പദവി കിട്ടുന്നതോടെ സിനിമയുടെ സമസ്തമേഖലകളിലും വളർച്ചയ്ക്കുള്ള കളമൊരുങ്ങും -ആന്റോ ജോസഫ് പറഞ്ഞു.

മലയാള സിനിമയ്ക്ക് വ്യവസായ പദവി നൽകുന്നതിനൊപ്പം കൊച്ചിയിൽ ജെ.സി. ഡാനിയൽ ഇന്റർനാഷണൽ ഫിലിം സിറ്റി സ്ഥാപിക്കുമെന്നും ബജറ്റിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ സാംസ്‌കാരിക-സിനിമാവികസനത്തിനായി സമഗ്രപദ്ധതികൾ ആവിഷ്‌കരിക്കും. കൂടാതെ, സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ പേരിൽ തൃശ്ശൂരിൽ മ്യൂസിക് അക്കാദമി ആരംഭിക്കുമെന്നും സലിം കുമാറിന്റെ ഓർമയ്ക്കായി കൊച്ചിയിൽ സ്മാരകം നിർമിക്കുമെന്നും പ്രഖ്യാപനമുണ്ട്. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് സ്ഥിരം വേദി, ആന്റി പൈറസി സെൽ തുടങ്ങിയവയും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories