ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന് (ഇപിഎഫ്ഒ) 1,816.22 കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന പരാതിയിൽ റിലയൻസ് ക്യാപിറ്റൽ ലിമിറ്റഡിനും കമ്പനിയുടെ മുൻ ചെയർമാൻ അനിൽ അംബാനിക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് സിബിഐ. ക്രിമിനൽ ഗൂഢാലോചന, വഞ്ചന, ഇപിഎഫ്ഒയ്ക്ക് അനാവശ്യ നഷ്ടം വരുത്തൽ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ ജൂലൈ 21-ലെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ അന്വേഷണത്തിലും ബിഡിഒ ഇന്ത്യ എൽഎൽപി നടത്തിയ ട്രാൻസാക്ഷൻ ഓഡിറ്റിലുമാണ് ആർസിഎല്ലും കമ്പനി മാനേജ്‌മെന്റും ചേർന്ന് നടത്തിയ വഴിതിരിച്ചുവിടലുകളും ക്രമക്കേടുകളും തെളിഞ്ഞത്. 2013, 2014 വർഷങ്ങളിൽ റിലയൻസ് ക്യാപിറ്റൽ ലിമിറ്റഡ് പുറത്തിറക്കിയ സെക്യൂവേർഡ് നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകളിൽ (NCDs) ഇപിഎഫ്ഒയ്ക്കായി പോർട്ട്ഫോളിയോ മാനേജർമാർ വഴി 2,500 കോടി രൂപ നിക്ഷേപിച്ചിരുന്നു. 2023, 2024 വർഷങ്ങളിലായിരുന്നു ഈ നിക്ഷേപങ്ങളുടെ കാലാവധി പൂർത്തിയാകേണ്ടിയിരുന്നത്. ഫണ്ടുകൾ ക്രമവിരുദ്ധമായി വായ്പ നൽകിയതും തുക തട്ടിയെടുത്തതും കാരണം കമ്പനി സാമ്പത്തികമായി തകരുകയും ഇപിഎഫ്ഒയ്ക്ക് നൽകേണ്ട തുക തിരിച്ചടയ്ക്കാൻ സാധിക്കാതെ വരികയും ചെയ്തു. ഇത് വഴി 1,816.22 കോടി രൂപയുടെ നഷ്ടമാണ് ഇപിഎഫ്ഒയ്ക്ക് ഉണ്ടായതെന്നാണ് കണ്ടെത്തൽ.
റിലയൻസ് ക്യാപിറ്റലുമായി ബന്ധപ്പെട്ടാണ് സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും താൻ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്നും അനിൽ അംബാനിയുടെ വക്താവ് വ്യക്തമാക്കി. 2005 മുതൽ 2021 നവംബർ വരെ മാത്രമാണ് അനിൽ അംബാനി റിലയൻസ് ക്യാപിറ്റലിന്റെ നോൺ-എക്സിക്യൂട്ടീവ് ഡയറക്ടർ/ചെയർമാൻ പദവി വഹിച്ചിരുന്നത്. 2021 നവംബറിൽ റിസർവ് ബാങ്ക് (ആർബിഐ) ഡയറക്ടർ ബോർഡ് റദ്ദാക്കുകയും അഡ്മിനിസ്ട്രേറ്ററെ നിയമിക്കുകയും ചെയ്തിരുന്നു. ഈ ആരോപണങ്ങളെല്ലാം തള്ളുകയാണെന്നും അനിൽ അംബാനിയുടെ വക്താവ് അറിയിച്ചു.
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിലെ തുക ഉത്തരവാദിത്തത്തോടെയല്ല കൈകാര്യം ചെയ്യുന്നതായിരുന്നു തൊഴിലാളി സംഘടനകകളുടെ നിലപാട്. ക്ലെയിം തീർപ്പാക്കൽ വൈകുന്നതും ഉയർന്ന പെൻഷൻ സംബന്ധിച്ച സുപ്രീംകോടതി വിധികൾ അട്ടിമറിക്കപ്പെടുന്നതും തൊഴിലാളി സംഘടനകൾ മുൻപേ ചൂണ്ടിക്കാട്ടിയിരുന്നു. 2025 മാർച്ച് വരെ 28.34 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ഇപിഎഫ്ഒയിലുള്ളത്.