കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശന് പ്രശംസയുമായി നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ. മനസിലുള്ളത് മുഖത്ത് കാണിക്കുന്ന ചുരുക്കം ആളുകളിൽ ഒരാളാണ് മുഖ്യമന്ത്രി എന്നാണ് ധ്യാൻ അഭിപ്രായപ്പെട്ടത്. ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ പ്രസംഗിക്കുമ്പോഴായിരുന്നു പരാമർശം.
"നമ്മുടെ മുഖ്യമന്ത്രിയെക്കുറിച്ച് രണ്ടുവാക്ക് പറഞ്ഞേ പറ്റൂ. അദ്ദേഹം പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് ഞങ്ങൾ ഒരുമിച്ച് ഒരു വേദി പങ്കിട്ടിരുന്നു. മനസിന്റെ സൂചികയാണ് മുഖം എന്ന് പറയാറുണ്ട്. ചില ആളുകളുടെ മനസ്സിലുള്ളത് മുഖത്ത് കാണാൻ പറ്റും. ചിരിച്ചുകൊണ്ട് കഴുത്തറുക്കുന്ന ചിലരെ നമ്മൾ കണ്ടിട്ടുണ്ടാകും. എന്നാൽ മനസിൽ എന്താണോ ഉള്ളത്, അത് അതേപടി മുഖത്ത് കാണിക്കുന്ന ചുരുക്കം ചില ആളുകളിൽ ഒരാളാണ് നമ്മുടെ മുഖ്യമന്ത്രി," ധ്യാൻ പറഞ്ഞു.