Share this Article
News Malayalam 24x7
ഡിസ്‌പ്ലേയിലെ 'ഗ്രീന്‍ ലൈന്‍'; മുൻനിര മൊബൈൽ കമ്പനിയെ മുട്ടുകുത്തിച്ച് ഉപഭോക്താവ്, ഡിസ്പ്ലേ മാറ്റിച്ചും സൗജന്യ സര്‍വീസും കോടതിച്ചെലവും വാങ്ങിയെടുത്തു
വെബ് ടീം
2 hours 16 Minutes Ago
1 min read
phone display

കോട്ടയം: ഫോണ്‍ ഡിസ്‌പ്ലേ തകരാറിൽ മുൻനിര മൊബൈൽ ഫോൺ കമ്പനിയ്‌ക്കെതിരെ നിയമപോരാട്ടം നടത്തി നഷ്ടപരിഹാരവും കോടതിച്ചെലവും നേടിയെടുത്ത് കോട്ടയം സ്വദേശി. ഫോണിൽ 'ഗ്രീന്‍ ലൈന്‍' പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് ചങ്ങനാശേരിയിലെ പ്രേമചന്ദ്രന്‍ ശിവരാമനാണ് ഫോണ്‍ നിര്‍മാതാക്കളായ സാംസങ്ങിനെതിരെ നിയമപോരാട്ടം നടത്തിയത്.

ഇദ്ദേഹത്തിന്റെ സാംസങ് ഗാലക്‌സി എസ് 21 എഫ്ഇ മോഡല്‍ ഫോണിലാണ് ഗ്രീന്‍ ലൈനുകള്‍ വീണത്. 56,000 രൂപക്ക് 2022 മേയിലാണ് ഫോണ്‍ വാങ്ങിയത്. 2024 ഫെബ്രുവരിയില്‍ ഡിസ്‌പ്ലേയില്‍ ലൈനുകള്‍ വീഴുകയായിരുന്നു. സര്‍വീസ് സെന്ററില്‍ ചോദിച്ചപ്പോള്‍ ഡിസ്‌പ്ലേ മാറ്റാന്‍ 9500 രൂപ ചെലവ് വരുമെന്ന് അറിയിച്ചു. തുടര്‍ന്ന് കമ്പനിയുമായി പലതവണ ബന്ധപ്പെട്ടപ്പോള്‍ സൗജന്യമായി ഡിസ്‌പ്ലേ മാറ്റിനല്‍കി.

എന്നാല്‍, 2025 സെപ്റ്റംബറില്‍ വീണ്ടും ഗ്രീന്‍ ലൈന്‍ വീണു. ഇത്തവണ സൗജന്യമായി ഡിസ്‌പ്ലേ മാറ്റിനല്‍കാന്‍ കമ്പനി തയ്യാറായില്ല. തുടര്‍ന്ന് കോട്ടയം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ കേസ് ഫയല്‍ ചെയ്തു. ഉപഭോക്താവിന് അനുകൂലമായാണ് കമ്മീഷന്‍ വിധിച്ചത്. ഫോണിന്റെ ഡിസ്പ്ലേ സൗജന്യമായി മാറ്റിനല്‍കാനും കോടതി ചെലവിലേക്കായി 3000 രൂപ നഷ്ടപരിഹാരം നല്‍കാനുമായിരുന്നു വിധി. കോടതി ഉത്തരവിനെ തുടര്‍ന്ന് കോട്ടയം സാംസങ് സര്‍വീസ് സെന്റര്‍ ഫോണിന്റെ ഡിസ്പ്ലേ സൗജന്യമായി മാറ്റിനല്‍കുകയും, കോടതി ചെലവായ 3000 രൂപയുടെ ചെക്ക് സാംസങ് കമ്പനി കൈമാറുകയും ചെയ്തു.

പതിനായിരങ്ങൾ മുടക്കി പുതിയ മൊബൈൽ ഫോൺ വാങ്ങി മാസങ്ങൾക്കുള്ളിലും വാറന്റി കഴിഞ്ഞും ഡിസ്പ്ലേ പോകുന്നവർക്ക് നിയമവഴിയിലൂടെ നീതി നേടിയെടുക്കാൻ കഴിയുമെന്നതിനു മറ്റൊരു അനുഭവം കൂടിയാണിത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories