ലഖ്‌നൗ: ഉത്തർപ്രദേശിലെ വൃന്ദാവനത്തിലുള്ള ഗുരുകൃപാ കുഞ്ച് ആശ്രമത്തിൽ ആത്മീയ ഗുരു പ്രേമാനന്ദ് മഹാരാജിന്‍റെ അനുയായി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചനിലയിൽ. സന്ത് പ്രേമാനന്ദ് മഹാരാജിന്റെ ശിഷ്യൻ രസിക് ദുലാരി ശരൺ എന്നപേരിൽ അറിയപ്പെടുന്ന ദീപക് ലോധി (25) ആണ് മരിച്ചത്. വെള്ളിയാഴ്ച ആശ്രമത്തിന്റെ നാലാം നിലയിൽനിന്ന് താഴേക്കുവീണാണ് അന്ത്യം.മധ്യപ്രദേശിലെ ജബൽപുർ സ്വദേശിയായ ലോധിയുടെ തലയ്ക്കും ശരീരത്തിലെ മറ്റ് ഭാഗങ്ങൾക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. അദ്ദേഹത്തിന്റെ സ്വകാര്യഭാഗങ്ങൾ ഛേദിക്കപ്പെട്ട നിലയിലായിരുന്നു. അനിരുദ്ധ് കുമാർ പാണ്ഡെ എന്നാണ് പ്രേമാനന്ദ് മഹാരാജിന്റെ യഥാർഥ പേര്. പിന്നീട് സന്യാസത്തിലെത്തിയപ്പോൾ പ്രേമാനന്ദ് എന്ന പേര് സ്വീകരിക്കുകയായിരുന്നു. പ്രഭാഷണങ്ങളിലൂടെ ഏറെ പ്രശസ്തനായ ഇദ്ദേഹത്തിന് സാമൂഹികമാധ്യമങ്ങളിൽ ഏറെ അനുയായികളുണ്ട്. അദ്ദേഹത്തിന്റെ 'ശ്രീ ഹിറ്റ് രാധാ കേളി കുഞ്ച്' ആശ്രമത്തിലെ ദിനചര്യയായ 'സത്സംഗമത്തിൽ' പങ്കെടുക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശത്തുനിന്നും നൂറുകണക്കിന് ഭക്തരാണ് ദിവസവും എത്തുന്നത്.
ആശ്രമത്തിൽനിന്ന് ഗുരുതരമായി പരിക്കേറ്റ നിലയിൽ ഒരാളെ രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് അവിടെ എത്തിയതെന്ന് മധുര പോലീസ് അറിയിച്ചു. കേളി കുഞ്ചുമായി ബന്ധപ്പെട്ട ഗുരുകൃപാ കുഞ്ച് ആശ്രമത്തിലാണ് ഇയാൾ താമസിച്ചിരുന്നത്', ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.