തിരുവനന്തപുരം:വനിതാ യുട്യൂബറിന്റെ വീട്ടില്‍നിന്ന് 118 പവന്‍ സ്വര്‍ണം മോഷ്ടിച്ച സംഭവത്തില്‍ നാലു പേരെ പൊലീസ് പിടികൂടി. ശ്രീവൈകുണ്ഡം സ്വദേശി ഇസക്കി പാണ്ടി (30), മുരുകന്‍ (28), ആലംകുളം സ്വദേശി മുരുകേശന്‍ (30), തിമ്മരാജപുരം സ്വദേശി തങ്കപാണ്ടി (39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് 98 പവന്‍ ആഭരണങ്ങള്‍ പിടിച്ചെടുത്തതായി എസ്പി അന്‍ഷുല്‍ നഗര്‍ അറിയിച്ചു.
24ന് രാത്രിയാണ് നാഗര്‍കോവിലിനുസമീപം തമ്മട്ടുകോണത്ത് വിഐപി ഗാര്‍ഡനില്‍ താമസിക്കുന്ന വ്യവസായിയായ വിനോദ് കുമാറിന്റെയും യൂട്യൂബര്‍ മധുമിതയുടെയും വീട്ടില്‍നിന്ന് 118 പവന്‍ സ്വര്‍ണവും പണവും മോഷണം പോയത്.വീട്ടിലുള്ള പണവും സ്വര്‍ണവും പ്രദര്‍ശിപ്പിച്ചുള്ള വിഡിയോ മധുമിത യുട്യൂബില്‍ പങ്കുവച്ചതിനു പിന്നാലെയാണ് മോഷ്ടാക്കള്‍ വീടു തേടിയെത്തി കവര്‍ച്ച നടത്തിയത്.
മധുമിതയും ഭര്‍ത്താവും പുറത്തു പോയപ്പോഴായിരുന്നു സംഭവം. 12 മണിക്ക് ഇവര്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് സ്വര്‍ണവും പണവും മോഷണം പോയ വിവരം അറിഞ്ഞത്. തുടര്‍ന്ന് രാജാക്കമംഗലം പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. യുട്യൂബില്‍ വിഡിയോ കണ്ടതിനെ തുടര്‍ന്നാണ് മോഷണം ആസൂത്രണം ചെയ്തതെന്നു പ്രതികള്‍ പറഞ്ഞു. ദിവസങ്ങളായി വീട് നിരീക്ഷിച്ചിരുന്നു. സംഭവദിവസം കാര്‍ വീട്ടില്‍ കാണാതിരുന്നതോടെ ഉടമകള്‍ പുറത്തു പോയി എന്ന് തിരിച്ചറിഞ്ഞാണ് വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത് ഉള്ളില്‍ കടന്നതെന്നും മോഷ്ടാക്കള്‍ പറഞ്ഞു. കന്യാകുമാരി ഡിവൈഎസ്പി പ്രകാശിന്റെ നേതൃത്വത്തില്‍ രാജാക്കമംഗലം പൊലീസ് ഏഴു പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചാണ് ശ്രീവൈകുണ്ഠം വരെയുള്ള 160 സിസിടിവി ക്യാമറകള്‍ പരിശോധിച്ചത്.