Share this Article
News Malayalam 24x7
കോണ്‍ഗ്രസില്‍ മന്ത്രി സ്ഥാനം ഉറപ്പിച്ച് ആറോളം നേതാക്കള്‍
VD Satheesan Cabinet

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയുടെ രൂപീകരണ ചർച്ചകൾ യു.ഡി.എഫിൽ അന്തിമഘട്ടത്തിലേക്ക്. കോൺഗ്രസിൽ നിന്ന് മന്ത്രിസ്ഥാനം ഉറപ്പിച്ച ആറ് നേതാക്കളുടെ പട്ടിക പുറത്തുവന്നു. സണ്ണി ജോസഫ്, കെ. മുരളീധരൻ, പി.സി വിഷ്ണുനാഥ്, എം. ലിജു, ചാണ്ടി ഉമ്മൻ, എ.പി അനിൽകുമാർ എന്നിവർക്കാണ് മന്ത്രിസ്ഥാനം ഏകദേശം ഉറപ്പായിരിക്കുന്നത്.

പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന്ന മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ ഹൈക്കമാൻഡിന്റെ നേതൃത്വത്തിൽ ശക്തമായി തുടരുകയാണ്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും വി.ഡി സതീശനും നേരിട്ട് ചെന്നിത്തലയുടെ വഴുതക്കാട്ടെ വസതിയിലെത്തി ചർച്ചകൾ നടത്തി. ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് നൽകി പ്രശ്നങ്ങൾ പരിഹരിക്കാനാണ് നിലവിൽ നീക്കം നടക്കുന്നത്.


അതേസമയം, വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസ് തന്നെ ഏറ്റെടുക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ രംഗത്തെത്തി. ഇക്കാര്യം ഉന്നയിച്ച് സംഘടനാനേതാക്കൾ വി.ഡി സതീശനെ നേരിട്ട് കണ്ട് നിവേദനം നൽകി. ഘടകകക്ഷികളുമായുള്ള ചർച്ചകളിൽ, ഓരോ അംഗം മാത്രമുള്ള കക്ഷികൾക്ക് (മാണി സി കാപ്പൻ, അനൂപ് ജേക്കബ്, കെ.കെ രമ, സി.പി ജോൺ) ടേം വ്യവസ്ഥയിൽ മന്ത്രിസ്ഥാനം നൽകുന്നതിനെക്കുറിച്ചും യു.ഡി.എഫിൽ ആലോചനയുണ്ട്.


മുസ്ലിം ലീഗിന് നാല് മന്ത്രിസ്ഥാനങ്ങളും ഒരു ക്യാബിനറ്റ് പദവിയുള്ള സ്ഥാനവും നൽകാൻ ധാരണയായിട്ടുണ്ട്. അന്തിമ പട്ടിക ഇന്ന് വൈകുന്നേരത്തോടെ തയ്യാറാക്കി നാളെ ഉച്ചയോടെ ഗവർണർക്ക് കൈമാറാനാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്. ഇതിന് പിന്നാലെ തിങ്കളാഴ്ച പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories