കോൺഗ്രസ് നിയമസഭാ കക്ഷി നേതാവായി (പ്രതിപക്ഷ നേതാവ്) തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ വി.ഡി. സതീശൻ ഡൽഹിയിലെത്തി. തന്നെ പുതിയ നേതാവായി നിശ്ചയിച്ചതിൽ നന്ദി അറിയിക്കാനായി അദ്ദേഹം ഇന്ന് കോൺഗ്രസ് ഹൈക്കമാൻഡ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. ഡൽഹിയിലെത്തിയ അദ്ദേഹത്തിന് കേരള ഹൗസിന് മുന്നിൽ വെച്ച് വിദ്യാർത്ഥികളും പാർട്ടി പ്രവർത്തകരും ചേർന്ന് വൻ സ്വീകരണമാണ് നൽകിയത്.
എ.ഐ.സി.സി നേതാക്കളുമായി അദ്ദേഹം നടത്തുന്ന കൂടിക്കാഴ്ചയിൽ പുതിയ കെ.പി.സി.സി പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് എന്നിവരെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച ചർച്ചകൾ നടന്നേക്കുമെന്നാണ് വിവരങ്ങൾ. ഭാരവാഹിത്വവുമായി ബന്ധപ്പെട്ട് വി.ഡി സതീശന്റെ നിലപാടുകൾ കൂടി കേട്ട ശേഷമായിരിക്കും ഹൈക്കമാൻഡ് അന്തിമ പ്രഖ്യാപനത്തിലേക്ക് കടക്കുക. സുഗമമായ പാർട്ടി പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള നിർദ്ദേശങ്ങൾ ദേശീയ നേതൃത്വം അദ്ദേഹത്തിന് മുന്നിൽ വെച്ചേക്കും.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിക്കുന്നത് സംബന്ധിച്ച് ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. കൂടിക്കാഴ്ചകൾക്ക് ശേഷം ഇന്ന് വൈകിട്ടോടെ വി.ഡി സതീശൻ കൊച്ചിയിലേക്ക് തിരിക്കും.