ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും സ്വർണം നഷ്ടപ്പെട്ട സംഭവം സർക്കാർ കൂടുതൽ ഗൗരവത്തോടെ ചർച്ച ചെയ്യുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ അറിയിച്ചു. വിഷയത്തിൽ ആഭ്യന്തര വകുപ്പുമായി ആലോചിച്ച ശേഷം വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ഷേത്രത്തിലെ സ്വത്തുക്കൾ ഒരു തരത്തിലും അപഹരിക്കപ്പെടാൻ അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. സംഭവത്തിൽ ഏതു തരത്തിലുള്ള അന്വേഷണം നടത്തുന്നതിനോടും തങ്ങൾക്ക് എതിർപ്പില്ലെന്ന് തിരുവിതാംകൂർ കൊട്ടാരം അധികൃതർ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പൂർണ്ണമായി പരിശോധിച്ച ശേഷം ശക്തമായ അന്വേഷണ നടപടികളിലേക്ക് സർക്കാർ കടക്കുമെന്നും ദേവസ്വം മന്ത്രി കൂട്ടിച്ചേർത്തു.