Share this Article
News Malayalam 24x7
സംസ്ഥാനത്ത് ധനപ്രതിസന്ധി; കടബാധ്യത 5.07 ലക്ഷം കോടി
Kerala Government Debt Stands at 5.07 Lakh Crore

സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന് വ്യക്തമാക്കുന്ന ധനകാര്യ ധവളപത്രം പുറത്തിറക്കി. സംസ്ഥാനത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയാണെന്ന് ധവളപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം ഉയർത്തണമെന്നും ശമ്പള പരിഷ്കരണം പത്ത് വർഷത്തിൽ ഒരിക്കലാക്കണമെന്നും ഉൾപ്പെടെയുള്ള നിർണായക നിർദ്ദേശങ്ങൾ ധവളപത്രം മുന്നോട്ടുവെക്കുന്നുണ്ട്.

സംസ്ഥാനത്തിന് ലഭിക്കുന്ന ആകെ വരുമാനത്തിന്റെ വലിയൊരു പങ്കും നിത്യനിദാന ചെലവുകൾക്കായാണ് വിനിയോഗിക്കുന്നത്. ആകെ വരുമാനത്തിന്റെ 77 ശതമാനത്തിലധികവും ശമ്പളം, പെൻഷൻ, പലിശ എന്നിവ നൽകാനാണ് ഉപയോഗിക്കുന്നത്. ശമ്പള, പെൻഷൻ ഇനങ്ങളിലെ കുടിശ്ശിക മാത്രം 48,733 കോടി രൂപ വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇതിനുപുറമെ, പൊതുമരാമത്ത് കരാറുകാർക്ക് നൽകാനുള്ള കുടിശ്ശിക 43,000 കോടി രൂപയായി ഉയർന്നിട്ടുണ്ട്. ബജറ്റേതര സ്ഥാപനമായ കിഫ്ബിയുടെ വായ്പാ ബാധ്യത 21,000 കോടി രൂപയാണ്.

പ്രധാന ശുപാർശകൾ:

വിരമിക്കൽ പ്രായം വർദ്ധിപ്പിക്കുക: സമീപകാലത്ത് വലിയ തോതിൽ ജീവനക്കാർ വിരമിച്ചതിനെ തുടർന്ന് പെൻഷൻ ആനുകൂല്യങ്ങൾ നൽകുന്നതിനായി വലിയ തുക കണ്ടെത്തേണ്ടി വരുന്നുണ്ട്. ഈ സാമ്പത്തിക ബാധ്യത താൽക്കാലികമായി നീട്ടിവെക്കുന്നതിനായി ജീവനക്കാരുടെ വിരമിക്കൽ പ്രായം ഉയർത്തണം.
ശമ്പള പരിഷ്കരണം പത്ത് വർഷത്തിലൊരിക്കൽ: നിലവിലുള്ള അഞ്ച് വർഷത്തെ ശമ്പള പരിഷ്കരണ രീതി മാറ്റി കേന്ദ്ര സർക്കാർ മാതൃകയിൽ പത്ത് വർഷത്തിൽ ഒരിക്കലാക്കി മാറ്റണം.
പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനഃക്രമീകരണം: കെ.എസ്.ആർ.ടി.സി, വാട്ടർ അതോറിറ്റി തുടങ്ങിയ നഷ്ടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. കെ.എസ്.ഇ.ബിയിലെ സബ്സിഡികൾ ഉൾപ്പെടെയുള്ളവയിൽ അക്കൗണ്ടബിലിറ്റി ഉറപ്പാക്കണം.
ലയനം: സംസ്ഥാനത്തിന് ഏറ്റവും കൂടുതൽ വരുമാനം നൽകുന്ന ബെവ്കോയും നഷ്ടത്തിലുള്ള സിവിൽ സപ്ലൈസ് കോർപ്പറേഷനും പരസ്പരം ലയിപ്പിച്ച് സംയുക്ത സ്ഥാപനമാക്കണമെന്ന നിർദ്ദേശവുമുണ്ട്.

നിലവിലെ ട്രഷറി പ്രതിസന്ധി രൂക്ഷമാണെന്നും സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്താൻ കടുത്ത നടപടികൾ അനിവാര്യമാണെന്നും ധവളപത്രം വ്യക്തമാക്കുന്നു. കൂടുതൽ ചർച്ചകൾക്കായി ധനമന്ത്രിയും മുൻ ധനമന്ത്രിയും വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. കൂടാതെ മുഖ്യമന്ത്രി പ്രത്യേക പവർ പ്രസന്റേഷനും നടത്തും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories