Share this Article
News Malayalam 24x7
ധവളപത്രം പുറത്തിറക്കി സർക്കാർ
Kerala Government Releases White Paper on State Finances

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വിശദീകരിക്കുന്ന ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. ധവളപത്രത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ക്രമപ്രശ്നം ഉന്നയിച്ചെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ ഈ വാദങ്ങൾ തള്ളി രംഗത്തെത്തി.

ഔദ്യോഗിക രഹസ്യങ്ങൾ അടങ്ങിയ വിവരങ്ങൾ പുറത്തുനിന്നുള്ള സമിതിക്ക് നൽകിയാണ് ധവളപത്രം തയ്യാറാക്കിയതെന്നും ഇത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ളതാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. എന്നാൽ, മന്ത്രിസഭയുടെ അംഗീകാരത്തോടെ കെ.എം. ചന്ദ്രശേഖർ, ഡോ. ഡി. നാരായണ, ഡോ. വീരമണി എന്നിവരടങ്ങുന്ന വിദഗ്ദ്ധ സമിതിയാണ് ധവളപത്രം തയ്യാറാക്കിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പൊതുമണ്ഡലത്തിലുള്ള വിവരങ്ങൾ മാത്രമാണ് ഇതിനായി ഉപയോഗിച്ചതെന്നും സംസ്ഥാനത്തിന്റെ യഥാർത്ഥ സാമ്പത്തിക സ്ഥിതി ജനങ്ങളെ ധരിപ്പിക്കാനാണ് ധവളപത്രം പുറത്തിറക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമ്മേളനത്തിന്റെ തുടക്കത്തിൽ ഡൽഹിയിലുണ്ടായ ഹോട്ടൽ തീപിടുത്ത ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് സഭ അനുശോചനം രേഖപ്പെടുത്തി. 11 വിദേശികൾ അടക്കം 21 പേർ മരണപ്പെട്ട സംഭവം അത്യന്തം ദുഃഖകരമാണെന്ന് സ്പീക്കർ അനുശോചന പ്രമേയത്തിൽ പറഞ്ഞു. തുടർന്ന് സഭാംഗങ്ങൾ എഴുന്നേറ്റു നിന്ന് അല്പസമയം മൗനമാചരിച്ചു.

മലപ്പുറം പുൽപ്പറ്റ പഞ്ചായത്തിൽ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസായി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ വെച്ച് ക്ഷേമ പെൻഷൻ വിതരണം ചെയ്തതിനെതിരെ കെ. പ്രേംകുമാർ എം.എൽ.എ ശ്രദ്ധക്ഷണിക്കൽ പ്രമേയം അവതരിപ്പിച്ചു. സഹകരണ ബാങ്ക് ജീവനക്കാരന്റെ അസുഖത്തെ തുടർന്ന് താൽക്കാലികമായി മറ്റൊരു മുറിയിൽ വെച്ച് പെൻഷൻ വിതരണം ചെയ്യേണ്ടി വന്നതാണെന്നും എന്നാൽ നടപടിക്രമങ്ങളിൽ വീഴ്ച സംഭവിച്ചതായി ബോധ്യപ്പെട്ടതിനാൽ ബന്ധപ്പെട്ട ജീവനക്കാരനെ പെൻഷൻ വിതരണ ചുമതലയിൽ നിന്ന് നീക്കിയതായും സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

മലബാർ മേഖലയിലെ കെ.എസ്.ആർ.ടി.സി സർവീസുകളിലെ കുറവും ഡിപ്പോകളുടെ അഭാവവും പരിഹരിക്കണമെന്നും തൃത്താലയിൽ ഡിപ്പോ അനുവദിക്കണമെന്നും വി.ടി. ബൽറാം എം.എൽ.എ ആവശ്യപ്പെട്ടു. മലബാർ മേഖലയിൽ ബസ് സർവീസുകളും ഡിപ്പോകളും കുറവാണെന്ന കാര്യം യാഥാർത്ഥ്യമാണെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ സഭയെ അറിയിച്ചു. കെ.എസ്.ആർ.ടി.സിയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനനുസരിച്ച് ഈ കുറവുകൾ ഘട്ടങ്ങളായി പരിഹരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories