മുഖ്യമന്ത്രി വിഡി സതീശനെ സെക്രട്ടറിയേറ്റിലെത്തി കാണുന്നതിന് ഏർപ്പെടുത്തിയ പുതിയ സമയ ക്രമീകരണം ഇന്ന് മുതൽ നിലവിൽ വരും. ഇന്ന് മുതല്‍ ആഴ്ചയില്‍ മൂന്ന് ദിവസങ്ങളില്‍ മാത്രമായിരിക്കും മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുക. പൊതുഅവധി അല്ലാത്ത തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് സന്ദര്‍ശനാനുമതി. ഈ മൂന്ന് ദിവസങ്ങളിലും വൈകിട്ട് 3:00 മണി മുതല്‍ 5:30 വരെയാണ് സന്ദര്‍ശന സമയം നിശ്ചയിച്ചിരിക്കുന്നത്. സന്ദര്‍ശനത്തില്‍ ഭിന്നശേഷിക്കാര്‍, പ്രായമായവര്‍, ശാരീരിക അസ്വസ്ഥതകള്‍ നേരിടുന്നവര്‍ എന്നിവര്‍ക്കായിരിക്കും ആദ്യ മുന്‍ഗണന നല്‍കുക. പരാതി പരിഹാര സെല്ലില്‍ നേരിട്ടെത്തുന്ന ഇവരെ കണ്ട ശേഷമായിരിക്കും മറ്റുള്ളവര്‍ക്ക് സന്ദര്‍ശന സൗകര്യം ഒരുക്കുക. സെക്രട്ടേറിയറ്റിലെ തിരക്ക് ഒഴിവാക്കുന്നതിനും മറ്റ് ജില്ലകളില്‍ നിന്ന് എത്തുന്നവര്‍ക്ക് ബുദ്ധിമുട്ടില്ലാതെ വേഗത്തില്‍ മുഖ്യമന്ത്രിയെ കണ്ട് പരാതികള്‍ സമര്‍പ്പിക്കുന്നതിനുമാണ് ഈ പുതിയ ക്രമീകരണം.