സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച് മുസ്ലീം ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ വീണ്ടും ലേഖനം. യുഡിഎഫിനോട് സഹകരിച്ചാലും സിപിഐക്ക് നിലവിലുള്ള രാഷ്ട്രീയ നിലപാടുകള്‍ക്ക് നേരിയ ക്ഷതം പോലും സംഭവിക്കില്ലെന്ന് മുസ്ലീം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെഎന്‍എ ഖാദര്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. യുഡിഎഫിനോട് സഹകരിച്ചാല്‍ ദേശീയതലത്തില്‍ സിപിഐയുടെ രാഷ്രീയം കൂടുതല്‍ ഉറപ്പുള്ളതും വിശാലവും ആയിത്തീരും. സിപിഐഎം കേരള ഘടകത്തിന്റെ വീഴ്ചയുടെ ഭാരം അവര്‍ത്ത് ചുമക്കേണ്ടി വരില്ല. ദേശീയ തലത്തില്‍ സിപിഐ ഉള്‍പ്പെടുന്ന ഇന്ത്യ സഖ്യം വളച്ചു കെട്ടില്ലാതെ അവര്‍ക്ക് തുടരാമെന്നും സിപിഐഎമ്മിനോട് ചേരുന്നത് അവര്‍ക്ക് കേരളത്തില്‍ എത്ര ശരിയാണോ അതിലേറെ ശരിയാണ് കോണ്‍ഗ്രസുമായുള്ള സഖ്യമെന്നും ലേഖനത്തില്‍ പറയുന്നു. കഴിഞ്ഞ ദിവസം സിപിഐയെ പ്രശംസിച്ചും പരോക്ഷമായി യുഡിഎഫിലേക്ക് ക്ഷണിച്ചും ലീഗ് ദേശീയ ഉപാധ്യക്ഷന്‍ കെപിഎ മജീദ് ചന്ദ്രികയില്‍ എഴുതിയ ലേഖനം ചര്‍ച്ചയായിരുന്നു. പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി സിപിഐ- സിപിഐഎം തര്‍ക്കം തുടരുന്നതിനിടെയാണ് ലീഗ് മുഖപത്രത്തിലെ ലേഖനങ്ങള്‍.