ന്യൂയോര്‍ക്കില്‍ നടക്കുന്ന യുഎന്‍ പൊതുസഭയില്‍ ഇറാനിലെയും ഗാസയിലെയും സൈനിക നടപടിയെ ന്യായീകരിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ തകര്‍ക്കുക എന്നത് വളരെ പ്രയാസകരമായിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ എനിക്ക് എടുക്കേണ്ടിവന്ന തീരുമാനങ്ങളില്‍ ഏറ്റവും എളുപ്പമുള്ളതായിരുന്നു അത്. അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍, നമ്മളെല്ലാവരും മരിച്ചുപോകുമായിരുന്നു' എന്നായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. ഇസ്രയേല്‍ ഇപ്പോള്‍ ഏഴ് മുന്നണികളിലായി യുദ്ധം ചെയ്യുകയാണെന്നും നെതന്യാഹു പറഞ്ഞു.
ഗാസ, അധിനിവേശ വെസ്റ്റ് ബാങ്ക്, സിറിയ, ലെബനന്‍, ഇറാന്‍, യെമനിലെ ഹൂതികള്‍, ഇറാഖിലെ സായുധ സംഘങ്ങള്‍ എന്നിവയെയാണ് അദ്ദേഹം ഏഴ് മുന്നണികളായി വിശേഷിപ്പിച്ചത്. നമ്മള്‍ വിജയിക്കും. നമുക്ക് മറ്റ് വഴിയില്ലെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. നെതന്യാഹുവിന്റെ പ്രസംഗം ബഹിഷ്‌കരിച്ച് നിരവധി പ്രതിനിധികള്‍ ഇറങ്ങിപ്പോയി. 50 ലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് കൂട്ടത്തോടെ സഭയില്‍ നിന്ന് ഇറങ്ങിപ്പോയത്.