തിരുവനന്തപുരം കോവളത്ത് 16 കാരിയെ സ്പായില്‍ പീഡനത്തിന് ഇരയാക്കിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഒമ്പതാം പ്രതി തമിഴ്‌നാട് കന്യാകുമാരി ഉദയമര്‍ത്താണ്ഡം സ്വദേശി ജിമിലനാണ് പിടിയിലായത്. നിരവധി തവണ പ്രതി സ്പായില്‍ വച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന് പൊലീസ് പറഞ്ഞു. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതില്‍ അന്വേഷണം തുടരുകയാണ്.
സിസിടിവി ദൃശ്യങ്ങൾ, സന്ദർശകരുടെ രജിസ്റ്റർ എന്നിവ പരിശോധിച്ചാണ് അന്വേഷണ സംഘം പ്രതിയിലേക്ക് എത്തിയത്. നിരവധി തവണ പീഡനത്തിന് ഇരയാക്കിയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കോവളത്ത് എത്തിച്ച് വിശദമായി ചോദ്യം ചെയ്ത ശേഷമാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ വരും ദിവസങ്ങളിലും കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
കേസിൽ വെങ്ങാനൂർ സ്വദേശിനി മായയെ പൊലീസ് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. സ്പാ നടത്തിപ്പിൽ ഇവർക്ക് പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. നഗരൂർ പഞ്ചായത്തിലെ താൽക്കാലിക ഹെൽത്ത് ഇൻസ്പെക്ടറാണ് മായ. കേസുമായി ബന്ധപ്പെട്ട് ഉള്ളൂർ സോണൽ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിനെയടക്കം പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ആന്ധ്രാപ്രദേശ് സ്വദേശിനിയായ പെൺകുട്ടിയെ ജോലിക്കെന്ന പേരിൽ സ്പാകളിൽ എത്തിച്ച മാതൃസഹോദരിയെയും ഭർത്താവിനെയും നേരത്തെ പൊലീസ് ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ഒരു വർഷത്തോളമായി കോവളത്തെ മൂന്ന് സ്പാകളിൽ പെൺകുട്ടി പീഡനത്തിന് ഇരയായെന്നാണ് പൊലീസിന് ലഭിച്ച വിവരം.