അമേരിക്കയില്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ മണിക്കൂറുകളോളം നിര്‍ത്തിവെക്കേണ്ടിവന്ന സംഭവത്തില്‍ മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടത്തെ കുറ്റപ്പെടുത്തി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രണ്ടാംതവണ അധികാരത്തിലെത്തി രണ്ടുവര്‍ഷം പിന്നിടുമ്പോഴാണ് മുന്‍ സര്‍ക്കാരിനെ ട്രംപ് പഴിചാരുന്നത്. ബൈഡന്‍ ഭരണകൂടത്തിന്റെ വ്യോമയാന മാനേജ്മെന്റ് ഒരു വന്‍ ദുരന്തമായിരുന്നുവെന്നും അവര്‍ തൊട്ടതെല്ലാം മോശമായെന്നും അദ്ദേഹം ട്രൂത്ത് സോഷ്യലിലൂടെ കുറ്റപ്പെടുത്തി. വലിയ തുക വിവേകമില്ലാതെ ചെലവഴിച്ച് സംവിധാനം കൂടുതല്‍ വഷളാക്കുകയാണ് ചെയ്തതെന്നും ട്രംപ് വിമര്‍ശിച്ചു. നിലവിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സിസ്റ്റത്തില്‍ ഭൂരിഭാഗവും 50 വര്‍ഷത്തോളം പഴക്കമുള്ളതാണെന്നും കോണ്‍ഗ്രസ് അടിയന്തരമായി ഫണ്ട് അനുവദിച്ചാല്‍ ലോകത്തിലെ ഏറ്റവും മികച്ച സംവിധാനം അതിവേഗം പടുത്തുയര്‍ത്താന്‍ കഴിയുമെന്നും ട്രംപ് വ്യക്തമാക്കി. ഫ്‌ലൈറ്റ് കണ്‍ട്രോള്‍ സിസ്റ്റങ്ങള്‍ക്കുള്ള വ്യക്തമായ പദ്ധതി തങ്ങളുടെ പക്കലുണ്ടെന്നും എഫ്.എ.എ. മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.