ഹോര്‍മൂസില്‍ സൂപ്പര്‍ ടാങ്കര്‍ ആക്രമിക്കപ്പെട്ടതായി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്. 20 ലക്ഷം ബാരല്‍ ഇന്ധനവുമായി പോയ കപ്പലാണ് കടല്‍ മൈനില്‍ തട്ടി തീപ്പിടിച്ചത്. വലിയ സ്ഫോടനമുണ്ടായതിന് പിന്നാലെ കപ്പല്‍ മുങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. രണ്ടു എണ്ണക്കപ്പലുകള്‍ മൈനില്‍ തട്ടി പൊട്ടിത്തെറിച്ചെന്നും അതിലൊന്നാണ് മുങ്ങിയതെന്നുമാണ് റെവല്യൂഷണറി ഗാര്‍ഡ് പറയുന്നത്.
എന്നാല്‍, കപ്പലിന്റെ പേരോ പതാകയോ ഉടമസ്ഥതയോ ജീവനക്കാരുടെ വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. നാവിഗേഷന്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തനരഹിതമാക്കിക്കൊണ്ട് അനധികൃത പാതയിലൂടെ കടക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് മൈന്‍ ആക്രമണമുണ്ടായത് എന്നാണ് റെവല്യൂഷണറി ഗാര്‍ഡിനെ ഉദ്ധരിച്ച് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സൂപ്പര്‍ ടാങ്കറിന് പുറമേ മറ്റൊരു കപ്പലും ആക്രമണത്തിനിരയായിട്ടുണ്ട്. കപ്പലിന്റെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. ഹോര്‍മുസ് കടലിടുക്ക് നിയന്ത്രിക്കുന്ന ഇറാനുമായുള്ള ധാരണ ലംഘിച്ച് മേഖലയില്‍ പ്രവേശിക്കുന്ന എല്ലാ കപ്പലുകള്‍ക്കും സമാനമായ വിധി നേരിടേണ്ടിവരുമെന്നാണ് റെവല്യൂഷണറി ഗാര്‍ഡിന്റെ മുന്നറിയിപ്പ്. തീപിടിത്തത്തിന്ർറെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.