ബാങ്കോക്ക്: തന്റെ ചാരിറ്റി ഫൗണ്ടേഷനിലേക്ക് ജനങ്ങളിൽ നിന്നും ലഭിച്ച സംഭാവനകൾ വകമാറ്റി ചെലവഴിച്ച് ആഡംബര വീടുകൾ സ്വന്തമാക്കിയ കേസിൽ മുൻ മിസ് തായ്‍ലന്‍റും പ്രശസ്ത നടിയുമായ പനാഡ്ഡ ബൂം വോങ്‌ഫുഡീ ബാങ്കോക്കിൽ അറസ്റ്റിലായി.ഏകദേശം 3 കോടി അമേരിക്കൻ ഡോളറിലധികം (ഏകദേശം 100 കോടിയിലധികം തായ് ബാത്ത്) വരുന്ന സംഭാവനകളാണ് അന്വേഷണ സംഘം സൂക്ഷ്മമായി പരിശോധിച്ചുകൊണ്ടിരിക്കുന്നത്.
'ഡു ഗുഡ് ഓർഗനൈസേഷൻ ഫൗണ്ടേഷൻ' എന്ന ജീവകാരുണ്യ സംഘടനയുടെ തലപ്പത്ത് പ്രവർത്തിച്ചിരുന്ന 50 കാരിയായ പനാഡ്ഡയ്‌ക്കെതിരെ പൊതുജനങ്ങളെ വഞ്ചിക്കൽ, കള്ളപ്പണം വെളുപ്പിക്കൽ, കമ്പ്യൂട്ടർ ക്രൈം നിയമപ്രകാരമുള്ള കുറ്റങ്ങൾ എന്നിവയാണ് ചുമത്തിയിരിക്കുന്നത്. തായ്‍ലന്‍റിലെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകരിൽ ഒരാളെന്ന നിലയിൽ സമൂഹത്തിൽ വലിയ സ്വാധീനമുള്ള വ്യക്തിയായിരുന്നു അവർ.
ബാങ്കോക്കിലെ അവളുടെ വസതിക്ക് സമീപത്തുനിന്നാണ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ വെള്ളിയാഴ്ച പുലർച്ചെ പനാഡ്ഡയെ കസ്റ്റഡിയിൽ എടുത്തത്. കേസിൽ ഇവരുടെ ഭർത്താവും ബിസിനസുകാരനുമായ അതിപ് അനാന്റവാനും പൊലീസിന്റെ നിരീക്ഷണത്തിലാണ്. ഫൗണ്ടേഷന്റെ അക്കൗണ്ടുകൾ, ഇരുവരുടെയും പേരിലുള്ള സ്വത്തുക്കൾ, വിവിധ ബാങ്ക് അക്കൗണ്ടുകൾ എന്നിവ കേന്ദ്രീകരിച്ച് പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.മാധ്യമങ്ങൾക്ക് മുന്നിൽ കൈകൂപ്പി ക്ഷമാപണം നടത്തിയ പനാഡ്ഡ, നിയമനടപടികളോട് പൂർണമായി സഹകരിക്കുമെന്ന് അറിയിച്ചു. "എല്ലാവരോടും ഞാൻ ക്ഷമ ചോദിക്കുന്നു. നിങ്ങളെ നിരാശപ്പെടുത്തിയതിൽ അതിയായ ദുഃഖമുണ്ട്," എന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു.