മെസ്സിയെ കേരളത്തില്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട തട്ടിപ്പ് ആരോപണത്തില്‍ ജിഎസ്ടി ഉദ്യോഗസ്ഥനെതിരെ നടപടി. സാമ്പത്തിക ഇടപാടുകളിലെ നികുതി വെട്ടിപ്പ് കേസില്‍ ഇടപെട്ടെന്ന ആരോപണം നേരിടുന്ന ജി.എസ്.ടി ഇന്റലിജന്‍സ് ഡെപ്യൂട്ടി കമ്മീഷണറായ വി. സുനില്‍കുമാറിനെ മാറ്റി. ഇന്റലിജന്‍സ് വിഭാഗത്തില്‍നിന്ന് കുത്തിയതോട് ഓഡിറ്റ് ഡിവിഷനിലെ അപ്രധാന തസ്തികയിലേക്കാണ് സ്ഥലംമാറ്റിയത്. സുനിലിനെതിരെ വകുപ്പുതലത്തില്‍ സ്വതന്ത്രമായ അന്വേഷണവും അച്ചടക്ക നടപടിയും വേണമെന്ന് സെപ്റ്റംബര്‍ 7-ന് എസ്.ഐ.ടി ശുപാര്‍ശ ചെയ്തിരുന്നു. ആര്‍ബിസിയില്‍ നിന്ന് നികുതി ഈടാക്കുന്നതിനുള്ള നടപടികള്‍ നിര്‍ത്തിവെക്കാന്‍ സുനില്‍കുമാര്‍ വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയതായും വാട്‌സാപ്പിലൂടെ സന്ദേശമയച്ചതായും കാഞ്ഞങ്ങാട്, കോഴിക്കോട് യൂണിറ്റുകളിലെ ജി.എസ്.ടി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യലില്‍ മൊഴി നല്‍കിയിരുന്നു. കാസര്‍ഗോഡ് ഇന്റലിജന്‍സ് ഡെപ്യൂട്ടി കമ്മീഷണറായിരുന്ന സജിത്ത് വി.യെയും സമാനമായി ഓഡിറ്റ് വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്.