വയനാട് ദുരന്തത്തിൽ ഉറ്റവരെയും ഉടയവരെയും നഷ്ടമായ ശ്രുതി സുരേഷിൻ്റെ ജീവിതത്തിലെ പുത്തൻ അധ്യായത്തിന് തുടക്കമായി. സ്വന്തം ജീവിതത്തിൽ ഏറ്റുവാങ്ങേണ്ടി വന്ന ദുരന്തങ്ങളെ അതിജീവിച്ച ശ്രുതി ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് വിവാഹിതയായി.. വയനാട് കളക്ടറേറ്റിലെ റവന്യൂ വകുപ്പ് ജീവനക്കാരനായ സന്ദീപ് ശങ്കരനാണ് വരൻ. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം ജൂലൈയിൽ വയനാട്ടിൽ വച്ച് നടന്നിരുന്നു. ഗുരുവായൂർ ക്ഷേത്രനടയിൽ നടന്ന ലളിതമായ ചടങ്ങിൽ മാനന്തവാടി സ്വദേശി സന്ദീപ് ശ്രുതിക്ക് താലിചാർത്തി. രാവിലെ 6.15 ഓടെയായിരുന്നു വിവാഹം. കണ്ണീരിന്റെയും വേദനകളുടെയും ഓർമകൾക്കിടയിൽ ശ്രുതിയുടെ ജീവിതത്തിൽ പ്രതീക്ഷയുടെ പുതിയ അധ്യായത്തിന് തുടക്കമായി.മുൻ മന്ത്രി കെ രാജനടക്കമുള്ളവരും വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.