ബിഹാറിലെ ഗംഗാ നദിക്ക് കുറുകെ നിർമിച്ച നിതീഷ് സേതു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. വൈശാലി ജില്ലയിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനും മുഖ്യമന്ത്രി സമ്രാട്ട് ചൗധരിയും പങ്കെടുത്തു. പട്‌ന ജില്ലയിലെ കച്ചി ദർഗാഹയെ വൈശാലി ജില്ലയിലെ ബിദുപൂരുമായി ബന്ധിപ്പിക്കുന്നതാണ് പാലം. എൻഎച്ച്-22, എൻഎച്ച്-322 എന്നിവയെ ബന്ധിപ്പിക്കുന്ന പദ്ധതിക്ക് ഏകദേശം 4,280 കോടി രൂപയാണ് ചെലവ്.
പാലം യാഥാർഥ്യമായതോടെ ഗംഗയ്ക്ക് കുറുകെയുള്ള യാത്ര കൂടുതൽ സുഗമമാകുമെന്നാണ് പ്രതീക്ഷ.19.7 കിലോമീറ്റർ നീളമുള്ള പദ്ധതിയിൽ 9.7 കിലോമീറ്റർ പ്രധാന പാലവും 10 കിലോമീറ്റർ അപ്രോച്ച് റോഡുകളും ഉൾപ്പെടുന്നു. എക്സ്ട്രാഡോസ്ഡ് കേബിൾ-സ്റ്റേയ്ഡ് മാതൃകയിലാണ് പാലം നിർമിച്ചിരിക്കുന്നത്. പാലത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി ബിഹാർ മന്ത്രി ഷീല മണ്ഡൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ അഭിമാനം പ്രകടിപ്പിച്ചിരുന്നു. പാലത്തിന് നിതീഷ് സേതു എന്ന് പേരിട്ടത് ബിഹാറിന്റെ വികസനത്തിന് നിതീഷ് കുമാർ നൽകിയ സംഭാവനകളോടുള്ള ആദരവാണെന്ന് ബിജെപി എംഎൽഎ ലഖേന്ദ്ര കുമാർ റോഷനും പ്രതികരിച്ചു.