കോട്ടയം: സീറ്റിലുണ്ടായിരുന്ന യാത്രക്കാർക്ക് പുല്ലുവില പോലും നൽകാതെ കെഎസ്ആർടിസി ബസിനുള്ളിൽ അഞ്ചംഗ സംഘത്തിന്‍റെ പരസ്യ മദ്യപാനം. കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിലാണ് ഞെട്ടലുണ്ടാക്കുന്ന സംഭവം. തിരുവനന്തപുരത്തേക്ക് പുറപ്പെടാനിരുന്ന കെഎൽ 15 എ 2517 എന്ന നമ്പർ ബസിനുള്ളിലായിരുന്നു സംഘം മദ്യപിച്ചത്.
ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാരെപ്പോലും വകവയ്ക്കാതെ യാതൊരു കൂസലുമില്ലാതെയായിരുന്നു അഞ്ചംഗ സംഘത്തിന്‍റെ ഈ പ്രവർത്തി. ബസിലുണ്ടായിരുന്ന സഹയാത്രികരിലൊരാൾ സംഘത്തിന്‍റെ പരസ്യ മദ്യപാനത്തിന്‍റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. തുടർന്ന് കണ്ടക്ടറെ വിവരമറിയിക്കുകയും ചെയ്തു. കണ്ടക്ടർ മാധ്യമ വാർത്തയ്ക്ക് പിന്നാലെ ആളുകളെ പൊലീസിന് കൈമാറുകയായിരുന്നു. പന്തളത്ത് എത്തിയപ്പോഴാണ് മദ്യപാനം നടത്തിയവരെ പൊലീസിന് മുന്നിലേക്ക് എത്തിച്ചത്.