ഇറാനെതിരെ വീണ്ടും സൈനിക നടപടികൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം 2027 ൽ മാത്രമേ ഉണ്ടാവുകയുള്ളു എന്ന് യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതോടെ ഇറാനെതിരെ വീണ്ടും ശക്തമായ ആക്രമണം നടത്താനുള്ള പദ്ധതികൾ യുഎസ് താൽക്കാലികമായി മാറ്റിവയ്ക്കുകയാണെന്ന സൂചനയാണു പുറത്തുവരുന്നത്. ‘‘ഇറാൻ വിഷയത്തിൽ തീരുമാനങ്ങളിലേക്ക് എടുത്തുചാടാൻ ഞാനില്ല. വർഷാരംഭത്തിനു ശേഷം എന്തുണ്ടാകുമെന്നു നമുക്ക് കാണാം’’– ചൈനീസ് സന്ദർശനം കഴിഞ്ഞ് യുഎസിലേക്ക് മടങ്ങുന്നതിനിടെ നടത്തിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു.ഇസ്രയേലുമായി ചേർന്ന് ഇറാനെതിരെ പുതിയ ആക്രമണങ്ങൾ നടത്തിയേക്കുമെന്ന സാധ്യതകൾ നിലനിൽക്കെയാണ് ട്രംപിന്റെ പുതിയ പ്രതികരണം. അതേസമയം ഇറാനെതിരായ സൈനിക നീക്കങ്ങൾ പുനരാരംഭിക്കാൻ ബെജമിൻ നെതന്യാഹു യുഎസിനുമേല്‍ സമ്മർദം ചെലുത്തുന്നതായും റിപ്പോർട്ടുകളുണ്ട്.