ജയ്പുർ: രാജസ്ഥാനിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് മുന്നേറ്റം. ജില്ലാ പരിഷത്ത്, പഞ്ചായത്ത് സമിതി തെരഞ്ഞെടുപ്പുകളിലാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. 37 ജില്ലാ പരിഷത്ത് സീറ്റുകളിൽ 27 ഇടത്ത് കോൺഗ്രസും 10 ഇടത്ത് ബിജെപിയുമാണ് മുന്നിലുള്ളത്. 419 പഞ്ചായത്ത് സമിതികളിൽ 145 ഇടത്താണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. ബിജെപി 89 ഇടങ്ങളിൽ മുന്നിലാണ്.നഗരവികസന മന്ത്രി ഝബർ സിംഗ് ഖാരയുടെ ഭാര്യയും മക്കളും പരാജയപ്പെട്ടു. സിക്കാർ ജില്ലയിലെ ശ്രീമധോപുരിലെ 17-ാം വാർഡിൽ മത്സരിച്ച ഭാര്യ ശാന്തി ദേവി 51 വോട്ടിനാണ് കോൺഗ്രസ് സ്ഥാനാർഥിയോട് തോറ്റത്. മന്ത്രിയുടെ മക്കളായ ദുർഗ സിംഗ്, അജയ് സിംഗ് എന്നിവരും പരാജയപ്പെട്ടു. ഉദയ്പുർ ജില്ലയിലെ ഋഷഭ്ദേവ് പഞ്ചായത്ത് സമിതിയിലേക്ക് മത്സരിച്ച മുൻ ബിജെപി എംഎൽഎ നാനാലാൽ അഹാരിയുടെ മകൻ സോനുവും പരാജയപ്പെട്ടു.
ജയ്പുരിൽ ഇതുവരെ വിജയികളെ പ്രഖ്യാപിച്ച 15 വാർഡുകളിൽ 11 ഇടത്തും കോൺഗ്രസാണ് വിജയിച്ചത്. ബിജെപി രണ്ടിടത്ത് വിജയിച്ചപ്പോൾ ഒരു വാർഡിൽ രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടിയും വിജയിച്ചു. ജയ്പുരിലെ 22 പഞ്ചായത്ത് സമിതികളിൽ 19 ഇടത്തും കോൺഗ്രസാണ് മുന്നിൽ. അതേസമയം ജയ്പുരിലെ ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പിൽ ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.
25 വാർഡുകളിൽ ബിജെപിയും 22 ഇടങ്ങളിൽ കോൺഗ്രസുമാണ് മുന്നിലുള്ളത്. 41 ജില്ലകളിലായി 1,403 ജില്ലാ പരിഷത്ത് വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ കോട്ട, ബാരൻ, കരൗലി, ശ്രീഗംഗാനഗർ എന്നീ ജില്ലകൾ ഒഴികെയുള്ള ജില്ലകളിലാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നത്.
തെരഞ്ഞെടുപ്പിൽ സിപിഐ എം 55 സീറ്റുകൾ നേടി. 37 ജില്ലകളിലെ ജില്ലാ പരിഷത്ത്, പഞ്ചായത്ത് സമിതികളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ അഞ്ച് ജില്ലാ പഞ്ചായത്ത് പരിഷത്ത് സീറ്റിലും 50 ജില്ലാ സമിതി സീറ്റിലും സിപിഐ എം സ്ഥാനാർഥികൾ വിജയിച്ചു.
ഹനുമാൻഗഢ് ജില്ലാ പരിഷത്തിൽ നാല് സീറ്റുകളും ചുരു ജില്ലാ പരിഷത്തിൽ ഒരു സീറ്റാണ് സിപിഐ എം ജയിച്ചത്. സിപിഐ എം സ്ഥാനാർഥി സുമൻ ഹനുമാൻഗഢ് ജില്ലാ പരിഷത്തിലെ 13-ാം വാർഡിൽ 4,522 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. 11-ാം വാർഡിൽ സിപിഐ എം സ്ഥാനാർഥി മഞ്ജു ദേവി 3,230 വോട്ടിനും 31-ാം വാർഡിൽ സിപിഐ എം സ്ഥാനാർഥി റാണി 2,089 വോട്ടിനും 15-ാം വാർഡിൽ സിപിഐ എം സ്ഥാനാർഥി സുനിത 1582 വോട്ടിനും ജയിച്ചു. ചുരു ജില്ലാ പരിഷത്തിലെ വാർഡ് 36ൽ സിപിഐ എം സ്ഥാനാർഥി സുമൻ ദേവി 758 വോട്ടിന് ജയിച്ചു.