തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ, തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷൻ വിജയ്‌യുടെ ഹോളോഗ്രാം പതിപ്പുമായി വോട്ട് തേടുകയാണ് പാർട്ടി പ്രവർത്തകർ. നേരിട്ട് എത്താൻ സാധിക്കാത്ത മണ്ഡലങ്ങളിൽ വിജയ്‌യുടെ സാന്നിധ്യം വോട്ടർമാർക്കിടയിൽ ഉറപ്പാക്കാനാണ് ഈ നൂതന സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്.
സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലും വിജയ്‌ക്ക് നേരിട്ട് എത്തിച്ചേരാൻ പ്രായോഗിക ബുദ്ധിമുട്ടുള്ള സാഹചര്യത്തിലാണ് ‘ഡിജിറ്റൽ ഒമ്നിപ്രസൻസ്’ (Digital Omnipresence) എന്ന രീതി പരീക്ഷിക്കാൻ ടി.വി.കെ തീരുമാനിച്ചത്. കുംഭകോണത്തെ ടി.വി.കെ സ്ഥാനാർത്ഥി വിനോദ് രവിയാണ് ആദ്യമായി ഈ പരീക്ഷണം വോട്ടർമാർക്കിടയിൽ എത്തിച്ചത്.
പ്രത്യേകം തയ്യാറാക്കിയ പ്രചാരണ വാഹനത്തിൽ സ്ഥാനാർത്ഥിക്കൊപ്പം വിജയ്‌യുടെ ലൈഫ് സൈസ് 3D ഹോളോഗ്രാം പ്രത്യക്ഷപ്പെടുന്നത് വോട്ടർമാരിൽ വലിയ കൗതുകമുണ്ടാക്കുന്നു. പ്രവീൺ എന്ന എഐ (AI) വിദ്യാർത്ഥിയുടെ സാങ്കേതിക സഹായത്തോടെ തഞ്ചാവൂർ ജില്ലാ ട്രഷറർ വിജയ് ചന്ദ്രന്റെ നേതൃത്വത്തിലാണ് ഈ ഡിജിറ്റൽ രൂപം വികസിപ്പിച്ചെടുത്തത്. ഹോളോഗ്രാമിന് പുറമെ വിജയ്‌യുടെ പ്രതിമകളും വിജയ്‌യോട് സാമ്യമുള്ള വ്യക്തികളെയും പ്രചാരണത്തിന് ടി.വി.കെ ഉപയോഗിക്കുന്നുണ്ട്. ഏപ്രിൽ 23-നാണ് തമിഴ്‌നാട്ടിൽ വോട്ടെടുപ്പ് നടക്കുന്നത്.