തമിഴ്‌നാട് ആരോഗ്യ പൊതുക്ഷേമ വകുപ്പിനായി അനുവദിച്ച പുതിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ചടങ്ങിൽ പങ്കെടുത്തു കൊണ്ട് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ ജോസഫ് വിജയ്. വകുപ്പിനായി പുതുതായി പുറത്തിറക്കിയ 40 പുതിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ചടങ്ങാണ് ചെന്നൈയിൽ നടന്നത്.
ആരോഗ്യ പൊതുക്ഷേമ വകുപ്പിന്റെ സുഗമമായ പ്രവർത്തനങ്ങൾക്കായി ഏകദേശം 2.90 കോടി രൂപ ചിലവഴിച്ചാണ് ഈ വാഹനങ്ങൾ അനുവദിച്ചിരിക്കുന്നത്. ഔദ്യോഗികമായി വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തതിന് ശേഷം വിജയ് തന്നെ നേരിട്ട് വാഹനം ഓടിച്ച് സെക്രട്ടേറിയറ്റ് കാമ്പസിന് ചുറ്റും സഞ്ചരിച്ചു. സുരക്ഷാ ജീവനക്കാരും ഉദ്യോഗസ്ഥരും വാഹനത്തിന് അകമ്പടിയായി ഓടുന്നത് വീഡിയോയിൽ കാണാം.
ഫ്ലാഗ് ഓഫ് നിർവഹിച്ചതിന് ശേഷം വാഹനങ്ങളുടെ താക്കോൽ ഡ്രൈവർമാർക്ക് അദ്ദേഹം നേരിട്ട് കൈമാറി. ഗ്രാമീണ മേഖലകളിലെ ആരോഗ്യ വികസനത്തിനും അടിയന്തര മെഡിക്കൽ സേവനങ്ങൾക്കുമായി വിന്യസിക്കുന്നതിന് വേണ്ടിയാണ് ഈ പുതിയ വാഹനങ്ങൾ സജ്ജമാക്കിയിരിക്കുന്നത്. ചടങ്ങിൽ നിരവധി സർക്കാർ ഉദ്യോഗസ്ഥരും ജീവനക്കാരും പങ്കെടുത്തു.