പ്രമുഖ തമിഴ് നടൻ വിജയ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ ഭാഗമാകും. ഈ മാസം എട്ടാം തീയതി നടക്കുന്ന ഇന്ത്യ മുന്നണിയുടെ നിർണായക യോഗത്തിൽ ടിവികെ പ്രതിനിധി പങ്കെടുക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
യോഗത്തിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി അധ്യക്ഷൻ വിജയ് ജോസഫിന് ഇന്ത്യ മുന്നണി ഔദ്യോഗികമായി ക്ഷണക്കത്ത് അയച്ചിരുന്നു. ഈ ക്ഷണം സ്വീകരിച്ചതായും യോഗത്തിൽ പ്രതിനിധിയെ പങ്കെടുപ്പിക്കുമെന്നും ടിവികെ സ്ഥിരീകരിച്ചു. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ടിവികെ മികച്ച വിജയം കൈവരിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷ സഖ്യത്തിൽ നിർണായകമായ ഈ മാറ്റങ്ങൾ ഉണ്ടാകുന്നത്.
ടിവികെയുടെ വരവോടെ മുന്നണിക്ക് നേതൃത്വം നൽകുന്ന കോൺഗ്രസ് നിലവിലുള്ള സഖ്യകക്ഷികളായ ഡിഎംകെ, തൃണമൂൽ കോൺഗ്രസ് എന്നിവരുമായുള്ള ബന്ധം വിച്ഛേദിച്ചതായാണ് സൂചനകൾ. ഇതിന്റെ ഭാഗമായി എട്ടിന് നടക്കുന്ന ഇന്ത്യ മുന്നണിയുടെ പുതിയ യോഗത്തിലേക്ക് ഡിഎംകെയെയും തൃണമൂൽ കോൺഗ്രസിനെയും ക്ഷണിച്ചിട്ടില്ലെന്നത് ദേശീയ രാഷ്ട്രീയത്തിൽ ഏറെ ചർച്ചയായിട്ടുണ്ട്. ടിവികെയുടെ വരവ് തമിഴ്‌നാട് രാഷ്ട്രീയത്തിലും ഇന്ത്യ മുന്നണിയിലും വലിയ ചലനങ്ങൾ സൃഷ്ടിച്ചേക്കും.