Share this Article
News Malayalam 24x7
തിരുച്ചിറപ്പള്ളി ഈസ്റ്റിൽ സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങൾ: പ്രതികരണവുമായി രാഘവ ലോറൻസ്
 Raghav Lawrence Responds to TVK Speculation

തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി ഈസ്റ്റ് ഉപതെരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം (ടി.വി.കെ) സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് നടനും സംവിധായകനുമായ രാഘവ ലോറൻസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.

താൻ സ്ഥാനാർത്ഥിയാകുമെന്ന വാർത്തകൾ പല കോണുകളിൽ നിന്നും പ്രചരിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും സുഹൃത്തുക്കളും ആരാധകരും ഇതിൽ വ്യക്തത തേടി തന്നെ ബന്ധപ്പെടുന്നുണ്ടെന്നും ലോറൻസ് പറഞ്ഞു. നിലവിൽ സിനിമകളുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് താനുള്ളത്. എന്നിരുന്നാലും, തന്റെ ജീവിതവുമായി ബന്ധപ്പെട്ട ഒരു സുപ്രധാന തീരുമാനം ഈ മാസം 11-ാം തീയതി വ്യാഴാഴ്ച രാവിലെ 9.30-ന് അമ്മയുടെ അനുഗ്രഹത്തോടെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.


കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളിൽ നിന്ന് മത്സരിച്ച് വിജയിച്ച വിജയ് പിന്നീട് തിരുച്ചിറപ്പള്ളി ഈസ്റ്റിലെ എം.എൽ.എ സ്ഥാനം രാജിവെച്ചിരുന്നു. ഇതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഈ മണ്ഡലം നിലനിർത്താനായി ടി.വി.കെ രാഘവ ലോറൻസിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. വരാനിരിക്കുന്ന താരത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിൽ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൂടുതൽ വ്യക്തത ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories