Share this Article
News Malayalam 24x7
മായാര്‍ ഗ്രാമത്തില്‍ വീടിനുള്ളിൽ കയറിയ പുലിയെ പിടികൂടി
Wild Leopard

തമിഴ്‌നാട്ടിലെ ഊട്ടി ഉദഗമണ്ഡലത്തിന് സമീപമുള്ള മായാർ ഗ്രാമത്തിൽ ജനവാസ മേഖലയിലെ വീട്ടിനുള്ളിൽ കുടുങ്ങിയ പുള്ളിപ്പുലിയെ വനംവകുപ്പ് വിജയകരമായി പിടികൂടി. ആറ് മണിക്കൂറിലധികം നീണ്ടുനിന്ന ആശങ്കകൾക്കൊടുവിലാണ് പുലിയെ സുരക്ഷിതമായി കൂട്ടിലാക്കിയത്. ആരോഗ്യനില പരിശോധിച്ച ശേഷം പുലിയെ മുതുമല വനമേഖലയിൽ തുറന്നുവിട്ടതായി വനംവകുപ്പ് അധികൃതർ അറിയിച്ചു.

നായയെ വേട്ടയാടി ഓടിക്കുന്നതിനിടയിലാണ് പുലി അബദ്ധത്തിൽ വീട്ടിനുള്ളിലേക്ക് കയറിയത്. വീട്ടിനുള്ളിൽ പുലിയെ കണ്ടയുടൻ വീട്ടുടമസ്ഥ സമയോചിതമായി ഇടപെട്ട് പുറത്തിറങ്ങി വാതിൽ പൂട്ടുകയായിരുന്നു. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ ആദ്യം പുലിയെ സ്വതന്ത്രമായി വനത്തിലേക്ക് പോകാൻ അനുവദിക്കുന്ന രീതിയിലാണ് രക്ഷാപ്രവർത്തനം ആസൂത്രണം ചെയ്തത്. എന്നാൽ വന്യമൃഗശല്യം രൂക്ഷമായ പ്രദേശമായതിനാൽ പുലിയെ കൂട്ടിലാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിച്ചു.


തുടർന്ന് വനംവകുപ്പിന്റെ പ്രത്യേക ദൗത്യസംഘം സ്ഥലത്തെത്തി കൂട് സ്ഥാപിച്ച് പുലിയെ സുരക്ഷിതമായി പിടികൂടുകയായിരുന്നു. തുടർന്ന് മൃഗഡോക്ടർമാരുടെ നേതൃത്വത്തിൽ പുലിയുടെ ആരോഗ്യപരിശോധന പൂർത്തിയാക്കി. ആരോഗ്യനില തൃപ്തികരമാണെന്ന് ഉറപ്പുവരുത്തിയ ശേഷം മുതുമലയിലെ സീഗൂർ വനമേഖലയിലെ ഉൾക്കാട്ടിൽ പുലിയെ തുറന്നുവിട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories