തമിഴ്‌നാട്ടിലെ എല്ലാ ഔദ്യോഗിക സർക്കാർ ചടങ്ങുകളിലും സംസ്ഥാന ഗാനമായ 'തമിഴ് തായ് വാഴ്ത്ത്' ആദ്യം തന്നെ ആലപിക്കണമെന്ന് നിർബന്ധമാക്കുന്ന പ്രമേയം തമിഴ്‌നാട് നിയമസഭ പാസാക്കി. മുഖ്യമന്ത്രി സി. ജോസഫ് വിജയ് ആണ് പ്രമേയം സഭയിൽ അവതരിപ്പിച്ചത്.
തമിഴ് ജനതയുടെ അഭിമാന ഗീതമാണ് തമിഴ് തായ് വാഴ്ത്തെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി വ്യക്തമാക്കി. തമിഴ് ഭാഷ സ്വന്തം അമ്മയെപോലെയാണെന്നും, സംസ്ഥാനത്തിന്റെ ഭാഷാഭിമാനവും സംസ്കാരവും ആരുടെയും മുന്നിൽ അടിയറവ് വെക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തമിഴ് തായ് വാഴ്ത്തിന്റെ പവിത്രതയും വിശുദ്ധിയും സർക്കാർ പൂർണ്ണമായും സംരക്ഷിക്കും.
സർക്കാർ ചടങ്ങുകളിൽ വന്ദേമാതരം ആലപിക്കണമെന്ന തരത്തിലുള്ള കേന്ദ്ര നിർദേശങ്ങൾക്ക് പിന്നാലെയാണ് തമിഴ്‌നാട് നിയമസഭ സംസ്ഥാന ഗാനത്തിന് മുൻഗണന നൽകിക്കൊണ്ടുള്ള പ്രമേയം ഐക്യകണ്ഠേന പാസാക്കിയത്.