അനധികൃത സ്വത്ത് സാമ്പാദനക്കേസില്‍ ഇളവ് തേടിയുള്ള ഹര്‍ജിയില്‍ മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിയെ വിമര്‍ശിച്ച് ഹൈക്കോടതി. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് തച്ചങ്കരി ജാമ്യം തേടിയത്. ജയിലില്‍ പോയപ്പോള്‍ നേരെ ആശുപത്രിയിലേക്കാണ് പോയത്. എന്നാല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ അത്തരം ആരോഗ്യ പ്രശ്‌നങ്ങള്‍ കാണുന്നില്ലെന്നും വിദേശത്ത് പോകാനുമാണ് തീരുമാനിച്ചത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളയാള്‍ എങ്ങനെ വിദേശത്ത് പോകും എന്നും കോടതി ചോദിച്ചു. ജയിലില്‍ പോകുമ്പോള്‍ അസുഖം വരും. പുറത്തിറങ്ങുമ്പോള്‍ വിദേശത്ത് പോകണം. ഇതെങ്ങനെ ശരിയാകും. കോടതിയിലുള്ളവര്‍ക്കും ബുദ്ധിയുണ്ടെന്നും ജസ്റ്റിസ് ബദ്ധറുദ്ദീന്‍ പറഞ്ഞു. തച്ചങ്കരിയുടെ ചികിത്സ വിവരങ്ങള്‍ ഹാജരാക്കാന്‍ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ക്കും കോടതി നിര്‍ദേശം നല്‍കി. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നാല് വര്‍ഷം കഠിനതടവ് ശിക്ഷിക്കപ്പെട്ട തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു ജാമ്യം തേടിയത്. തുടര്‍ന്നാണ് വിദേശത്ത് പോകാന്‍ ഇളവ് തേടി ഹൈക്കോടതിയെ സമീപിച്ചത്.