മുംബൈ: സുഹൃത്തിനൊപ്പം പുറത്തുപോയ ഇൻഡിഗോ ജീവനക്കാരിയെ വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.മഹാരാഷ്ട്രയിലെ ഗോൻഡിയ ജില്ലയിലാണ് 35കാരിയായ വർഷ തുർകറിനെ ക്രൂരമായി ആക്രമിക്കപ്പെട്ട്, രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് യുവതിയുടെ ബന്ധുക്കളെ വിളിച്ചുവരുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ശനിയാഴ്ച വൈകിട്ട് നാലു മണിയോടെ വീട്ടിൽ നിന്നിറങ്ങിയ വർഷ സുഹൃത്തായ നിതീഷ് അഗർവാളിനൊപ്പം വെയ്ൻഗംഗ നദിക്കരയിലേക്കു പോയതായി പൊലീസ് പറയുന്നു. തുടർന്ന് ഒരു മണിക്കൂറിനു ശേഷം വർഷയെ ആരോ ആക്രമിച്ചെന്നും വേഗം എത്തണമെന്നും നിതീഷ് കുടുംബത്തെ അറിയിച്ചു. ബന്ധുക്കൾ മഹാരാഷ്ട്ര–മധ്യപ്രദേശ് അതിർത്തിക്കു സമീപമുള്ള ബോന്ദ്രാണി വനമേഖലയിൽ എത്തിയപ്പോൾ വർഷയെ രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ഉടൻ തന്നെ വർഷയെ ഒരു കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്കു കൊണ്ടുപോയെങ്കിലും, വൈകിട്ട് ഏഴോടെ ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.
രണ്ടര വയസ്സുള്ള മകൾക്കൊപ്പം ദീപാവലി ആഘോഷിക്കാനായി മധ്യപ്രദേശിലെ ബലാഗഡ് ജില്ലയിലെ തന്റെ വീട്ടിലേക്ക് പോയതാണ് വർഷ. 2024ലാണ് വർഷ വിവാഹിതയായത്. ഭർത്താവ് ഇപ്പോൾ ഇൻഡോറിൽ താമസിക്കുകയാണ്. പുണെ വിമാനത്താവളത്തിൽ ഒരു സ്വകാര്യ എയർലൈനിന്റെ ഭാഗമായി ജോലി ചെയ്തു വരികയാണ് വർഷ.വർഷയെ മൂർച്ഛയുള്ള ആയുധം ഉപയോഗിച്ച് ആക്രമിച്ചതായി പൊലീസ് അറിയിച്ചു. മുഖംമൂടി ധരിച്ചെത്തിയ ഒരു സംഘം ആക്രമിക്കുകയും കവർച്ച നടത്തുകയും ചെയ്തെന്നാണ് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പൊലീസിനോടു പറഞ്ഞത്. മുഖംമൂടി സംഘം വർഷയെ ആക്രമിച്ച 40,000 രൂപയും സ്വർണാഭരണങ്ങളും കവർന്നെന്നാണ് സുഹൃത്ത് അറിയിച്ചത്. എന്നാൽ ഇത്ര വലിയ ആക്രമണം അരങ്ങേറിയിട്ടും നിതീഷിന് ഒന്നും സംഭവിച്ചില്ല എന്നതിൽ പൊലീസ് സംശയം പ്രകടിപ്പിക്കുന്നുണ്ട്. അയാളുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നും പൊലീസ് പറയുന്നു.