ലയണല്‍ മെസ്സിയെയും അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുന്‍ കായിക മന്ത്രി വി. അബ്ദുറഹ്‌മാനെ പ്രതിചേര്‍ത്ത് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. അഴിമതി നിരോധന നിയമപ്രകാരം മുന്‍ മന്ത്രിക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കാന്‍ ഗവര്‍ണര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. സ്‌പോണ്‍സര്‍ക്ക് സാമ്പത്തിക ലാഭമുണ്ടാക്കാനായി മന്ത്രിയായിരിക്കെ വി. അബ്ദുറഹ്‌മാന്‍ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. എ.ഡി.ജി.പി. പി. വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസിൻ്റെ വിശദാംശങ്ങൾ പരിശോധിച്ച ശേഷം വി. അബ്ദുറഹ്മാനെ ചോദ്യം ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് എസ്.ഐ.ടി നീങ്ങുമെന്നാണ് സൂചന.