സംസ്ഥാനത്ത് കാലവർഷം അതിശക്തമാകുന്നു. കനത്ത മഴയ്ക്കുള്ള സാധ്യത മുൻനിർത്തി ഇന്ന് സംസ്ഥാനത്തെ 10 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള മറ്റ് എല്ലാ ജില്ലകളിലുമാണ് ഇന്ന് മഞ്ഞ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നാളെ മുതൽ സംസ്ഥാനത്ത് മഴ കൂടുതൽ തീവ്രമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.
വരും ദിവസങ്ങളിൽ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും വെള്ളിയാഴ്ച ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും കനത്ത മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൂട്ടൽ. നിലവിൽ തലസ്ഥാന നഗരത്തിൽ ഉൾപ്പെടെ പലയിടങ്ങളിലും ഒറ്റപ്പെട്ട രീതിയിലാണ് മഴ പെയ്യുന്നത്. എന്നാൽ വരും ദിവസങ്ങളിൽ മഴ ശക്തി പ്രാപിക്കുമെന്നതിനാൽ മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും ഉള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.