തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്.
അടുത്ത മൂന്ന് മണിക്കൂറിലേക്കാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. സംസ്ഥാനത്തെ മറ്റ് ജില്ലകളിലും ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
പാലക്കാട്ട് ഒലവക്കോട്ടെ ഒരു വീട്ടിൽ ശക്തമായ ഇടിമിന്നലിനെത്തുടർന്ന് തീപ്പിടിത്തമുണ്ടായി. ഒലവക്കോട് സ്വദേശിയായ ഗഫൂർ താമസിക്കുന്ന വാടകവീടിനാണ് ഇടിമിന്നലിൽ തീപ്പിടിച്ചത്. വീട്ടിലെ സോഫാ സെറ്റ്, ടി.വി., ഫാൻ, ഇലക്ട്രിക് വയറിങ് എന്നിവ പൂർണമായി കത്തിനശിക്കുകയും ജനൽച്ചില്ലുകൾ പൊട്ടിത്തെറിക്കുകയും ചെയ്തു. സംഭവസമയത്ത് വീട്ടിൽ ആളില്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. ബന്ധുവിന് അസുഖമായതിനാൽ കുറച്ചുദിവസമായി അവരുടെ വീട്ടിലായിരുന്നു താമസം. ഗ്യാസ് ബുക്ക് എടുക്കുന്നതിനായി രാവിലെ വീട്ടിലെത്തിയപ്പോഴാണ് അപകടം സംഭവിച്ചതായറിഞ്ഞത്.