തിരുവനന്തപുരം: ഒരു വിഭാഗം കെ എസ് ഇ ബി മീറ്റർ റീഡർമാർ നടത്തി വന്ന സമരം പിൻവലിച്ചു. ഡയറക്ടർമാരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. കെഎസ്ഇബി ചെയർമാന്റെ നിർദേശ പ്രകാരമായിരുന്നു ചർച്ച നടന്നത്. വേതനം വർധിപ്പിക്കണമെന്ന പ്രധാന ആവശ്യം ഉന്നയിച്ചായിരുന്നു മീറ്റർ റീഡർമാർ സമരം ആരംഭിച്ചത്.
എന്നാൽ, നിലവിലെ സാഹചര്യത്തിൽ വേതന വർധനവ് നടപ്പിലാക്കാൻ കഴിയില്ലെന്ന് കെ.എസ്.ഇ.ബി മാനേജ്‌മെന്റ് ചർച്ചയിൽ വ്യക്തമാക്കി. പകരം, ഉപഭോക്താക്കളുടെ പരമാവധി വൈദ്യുതി ആവശ്യകത രേഖപ്പെടുത്തുന്നതിന് റീഡർമാർക്ക് അധിക തുക നൽകാൻ കെ.എസ്.ഇ.ബി തയാറായി. മാനേജ്‌മെന്റ് മുന്നോട്ടുവെച്ച ഈ ബദൽ നിർദേശം സമരം ചെയ്ത റീഡർമാർ അംഗീകരിക്കുകയായിരുന്നു.