അഭിഭാഷകയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇ.എന്‍. സുരേഷ് ബാബുവിനെതിരെ സിപിഐഎം കര്‍ശന നടപടിക്കൊരുങ്ങുന്നു. പാലക്കാട് സിപിഐഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് പിന്നാലെ പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അന്തിമ തീരുമാനം വരുന്നത് വരെ അദ്ദേഹത്തെ പാര്‍ട്ടി വേദികളില്‍ നിന്ന് താല്‍ക്കാലികമായി മാറ്റിനിര്‍ത്താനാണ് തീരുമാനം. സുരേഷ് ബാബുവിനെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കണോ എന്നതിലടക്കം ഈ മാസം അവസാനത്തോടെ നടക്കുന്ന സംസ്ഥാന സെക്രട്ടേറിയേറ്റില്‍ തീരുമാനമുണ്ടാകും. സുരേഷ് ബാബുവിനെതിരെ പെരുമാറ്റദൂഷ്യം ആരോപിച്ച് ഡിജിറ്റല്‍ തെളിവുകള്‍ നിരത്തിയാണ് അഭിഭാഷക സി.പി.ഐ.എം നേതൃത്വത്തെ സമീപിച്ചതെന്നാണ് വിവരം. പരാതി പൂഴ്ത്തിവെക്കാതെ പൊലീസിന് കൈമാറണമെന്നും സുരേഷ് ബാബുവിനെതിരെ അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെട്ടു. സുരേഷ് ബാബുവിനെതിരെ പാലക്കാട് കോണ്‍ഗ്രസിന്റെ പ്രതിഷേധം നടന്നു. സുരേഷ് ബാബുവിന്റെ കോലം കത്തിച്ചും കോഴിയെ പറത്തിയുമായിരുന്നു പ്രതിഷേധം.