ന്യൂഡൽഹി: പഞ്ചാബിലെ ഭരണകക്ഷിയായ ആം ആദ്മി പാർട്ടിക്ക് വൻ തിരിച്ചടി നൽകിക്കൊണ്ട് രണ്ട് നിലവിലെ എംഎൽഎമാർ ഉൾപ്പെടെ മൂന്ന് പ്രമുഖ നേതാക്കൾ ബിജെപിയിൽ ചേർന്നു. നിലവിലെ എംഎൽഎമാരായ ഹർമീത് സിങ് പഠാൻമജ്‌റ, ചേതൻ സിങ് ജോരമജ്‌റ, മുൻ എഎപി നിയമസഭാംഗമായ കൻവർ വിജയ് പ്രതാപ് സിങ് എന്നിവർ ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഇവർ ഔദ്യോഗികമായി പാർട്ടി അംഗത്വം സ്വീകരിച്ചു.2027-ലെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സംഭവവികാസങ്ങൾ.
അമൃത്സർ നോർത്ത് മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന കൻവർ വിജയ് പ്രതാപ് സിങ് ബിജെപിയിൽ ചേരുന്നതിന് തൊട്ടുമുമ്പ് നിയമസഭാംഗത്വം രാജിവെച്ചിരുന്നു. 2025 ജൂൺ 29-ന് ഇയാളെ എഎപിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് സസ്‌പെൻഡ് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് എംഎൽഎമാരായ ഹർമീത് സിങ് പഠാൻമജ്‌റയും ചേതൻ സിങ് ജോരമജ്‌റയും എഎപിയിൽ നിന്ന് രാജിവെച്ചത്. ഇവരെ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബ് നിയമസഭാ സ്പീക്കറെ സമീപിക്കുമെന്ന് എഎപി നേതൃത്വം അറിയിച്ചിട്ടുണ്ട്.
2027-ലെ നിയമസഭാ തിരഞ്ഞെടുപ്പിനായി എഎപി ആദ്യഘട്ടമായി 40 സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തിറക്കി പ്രചാരണം ആരംഭിച്ച നിർണായക ഘട്ടത്തിലാണ് ഈ കൂറുമാറ്റം. എഎപിയുടെ വലിയൊരു തകർച്ചയുടെ തുടക്കം മാത്രമാണിതെന്നും വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ പാർട്ടി വിടുമെന്നും ബിജെപി വക്താവ് ജയ്വീർ ഷെർഗിൽ അവകാശപ്പെട്ടു.