ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ നടന്ന റാലിയിലും മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ നടന്ന പരിപാടിയിലും പങ്കെടുക്കാതിരുന്ന നേതാക്കള്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ് ദേശീയ നേതൃത്വം. റാലിയുടെ സംഘാടന-പ്രചാരണ ചുമതലകള്‍ ഉണ്ടായിട്ടും പരിപാടിക്ക് എത്താതിരുന്ന മധ്യപ്രദേശിലെ 60 യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളെ നേതൃത്വം സസ്‌പെന്‍ഡ് ചെയ്തു. ഹിമാചല്‍ പ്രദേശില്‍ നിന്ന് 13 പേരെയും ഹരിയാനയില്‍ 10 പേരെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഒരു വിശദീകരണവും തേടാതെ ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് നേരിട്ടുള്ള ഈ കൂട്ടനടപടി. ഗ്യാനേഷ് കുമാറിനെതിരെ AICC അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ സംഘടിപ്പിച്ച പരസ്യവിചാരണ പരിപാടിയില്‍ പല സംസ്ഥാനങ്ങളില്‍ നിന്നുമുള്ള എം.പിമാര്‍ പങ്കെടുത്തിരുന്നില്ല. ഈ പരിപാടിയില്‍ നിന്നും രാംലീല റാലിയില്‍ നിന്നും വിട്ടുനിന്ന എം.പിമാരോടും പാര്‍ട്ടി വിശദീകരണം തേടും. പരിപാടികളില്‍ നിന്ന് വിട്ടുനിന്ന നേതാക്കളുടെ സമഗ്രമായ പട്ടിക AICC ഇപ്പോള്‍ ശേഖരിച്ചുവരികയാണ്.