തിരുവനന്തപുരം: കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാംപസിൽ ഡെങ്കിപ്പനി വ്യാപിച്ചതിനെ തുടർന്ന് ക്യാംപസും ഹോസ്റ്റലും താൽക്കാലികമായി അടച്ചിട്ടു. ഒരാഴ്ചയ്ക്കിടെ 13 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരിൽ പത്ത് പേർ വിദ്യാർഥിനികളും മൂന്ന് പേർ സർവകലാശാലാ ജീവനക്കാരുമാണ്.
വിദ്യാർഥിനികൾ താമസിക്കുന്ന ഹോസ്റ്റലിലാണ് രോഗവ്യാപനം രൂക്ഷമായത്. ഇതിനു പുറമേ നിരവധി വിദ്യാർഥിനികൾക്ക് രോഗലക്ഷണങ്ങളുണ്ടെന്നും ഇവരിൽ പലരും പരിശോധനാഫലം കാത്തിരിക്കുകയാണെന്നും വിദ്യാർഥിനികൾ പറയുന്നു. അവധിക്ക് നാട്ടിലേക്ക് മടങ്ങിയ ചില വിദ്യാർഥിനികൾക്കും പനി ബാധിച്ചതായി റിപ്പോർട്ടുകളുണ്ട്.