താനും ഭാര്യ ബുഷ്റ ബീവിയും ജയിലില്‍നിന്ന് ജീവനോടെ പുറത്തുവരുമെന്ന് ഉറപ്പില്ലെന്ന് ചൂണ്ടിക്കാട്ടി പാകിസ്ഥാന്‍ സുപ്രീം കോടതിയെ സമീപിച്ച് പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. റാവല്‍പിണ്ടിയിലെ അഡിയാല ജയിലില്‍ കഴിയുന്ന ഇമ്രാന്‍ ഖാന്‍, അഭിഭാഷകന്‍ സല്‍മാന്‍ സഫ്ദര്‍ വഴി കോടതിക്ക് അയച്ച കത്തിലാണ് തനിക്കും ഭാര്യയ്ക്കും അടിയന്തര വൈദ്യസഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടത്. ഏകാന്ത തടവ് തന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചുവെന്നും കടുത്ത രക്തസമ്മര്‍ദ്ദവും കാഴ്ചക്കുറവും നേരിടുന്നുണ്ടെന്നും അദ്ദേഹം കത്തില്‍ വെളിപ്പെടുത്തി. തന്നെ ആശുപത്രിയിലേക്ക് മാറ്റാനും കുടുംബവുമായി സംസാരിക്കാന്‍ അനുവദിക്കാനും നിര്‍ദ്ദേശിച്ചുകൊണ്ടുള്ള മുന്‍ കോടതി ഉത്തരവുകള്‍ ജയില്‍ അധികൃതര്‍ പാലിക്കുന്നില്ലെന്നും, ജയിലില്‍ കഴിയുന്ന ഭാര്യ ബുഷ്റ ബീവിയുമായുള്ള പ്രതിവാര കൂടിക്കാഴ്ചകള്‍ പോലും അകാരണമായി നിഷേധിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. താന്‍ പ്രത്യേക ആനുകൂല്യങ്ങളൊന്നും ചോദിക്കുന്നില്ലെന്നും, നിരപരാധിത്വം തെളിയിക്കാന്‍ ജീവനോടെയിരിക്കേണ്ടതുണ്ടെന്നും അതിന് ഉചിതമായ ചികിത്സ ഉറപ്പാക്കണമെന്ന് മാത്രമാണ് ആവശ്യപ്പെടുന്നതെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി.