സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന്റെ കരട് റിപ്പോര്‍ട്ട് ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും. മുന്‍ എക്‌സൈസ് മന്ത്രിമാര്‍, മദ്യനിരോധന സമിതികള്‍, ബാര്‍ ഉടമകള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് കരട് തയ്യാറാക്കിയത്. സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്ലെറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാതെ തന്നെ, നിലവിലുള്ളവയുടെ മുഖംമിനുക്കാനും വെന്‍ഡിങ് മെഷീനുകള്‍ അടക്കം ഉള്‍പ്പെടുത്തി കൂടുതല്‍ ആധുനികവും ജനകീയവുമാക്കാനുമുള്ള നിര്‍ദേശങ്ങള്‍ കരടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. ഈ മാസം 30-നകം മദ്യനയം പ്രഖ്യാപിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനു മുന്‍പായി തന്നെ നയം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് സര്‍ക്കാരും കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മുന്നണിയിലും മന്ത്രിസഭയിലും വിശദമായ ചര്‍ച്ചകള്‍ നടത്തിയ ശേഷമാകും മദ്യനയത്തിന് അന്തിമരൂപം നല്‍കുക.