Share this Article
മദ്യലോറി മറിഞ്ഞു; 56 ലക്ഷത്തിന്റെ മദ്യം റോഡിൽ; കുപ്പികൾ പെറുക്കിയെടുക്കാൻ തിക്കിത്തിരക്കി ജനം
വെബ് ടീം
11 hours 37 Minutes Ago
1 min read
liquor

ചെന്നൈ: വണ്ടല്ലൂർ-മിഞ്ചൂർ ഔട്ടർ റിംഗ് റോഡിൽ 56 ലക്ഷം രൂപ വിലമതിക്കുന്ന മദ്യക്കുപ്പികളുമായി പോയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ ലോറി ഡ്രൈവർ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. അപകടത്തിന് പിന്നാലെ റോഡിൽ ചിതറിക്കിടന്ന മദ്യക്കുപ്പികൾ കൈക്കലാക്കാൻ വാഹനയാത്രക്കാർ തിക്കും തിരക്കും കൂട്ടിയത് പ്രദേശത്ത് വൻ ഗതാഗതക്കുരുക്കിന് കാരണമായി.തിരുവള്ളൂർ ജില്ലയിലെ കക്കലൂരിലുള്ള തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷൻ ഡിപ്പോയിൽ നിന്ന് റെഡ് ഹിൽസിലേക്ക് മദ്യവുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. മോറൈ ഗ്രാമത്തിന് സമീപം എത്തിയപ്പോൾ മുന്നിൽ സഞ്ചരിക്കുകയായിരുന്ന കാർ പെട്ടെന്ന് ബ്രേക്ക് ചവിട്ടുകയായിരുന്നു. കാറിൽ ഇടിക്കുന്നത് ഒഴിവാക്കാൻ ഡ്രൈവർ സതീഷ് ലോറി ഇടത്തേക്ക് വെട്ടിച്ചെങ്കിലും അമിതഭാരമുണ്ടായിരുന്ന വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.ലോറി മറിഞ്ഞതോടെ അതിലുണ്ടായിരുന്ന മദ്യക്കുപ്പികൾ റോഡിൽ വീണ് പൊട്ടിത്തകരുകയും മദ്യം ഒഴുകിപ്പരക്കുകയും ചെയ്തു. ഇതോടെ അതുവഴി കടന്നുപോയ യാത്രക്കാരും നാട്ടുകാരും വാഹനങ്ങൾ നിർത്തി പൊട്ടാതെ കിടന്ന മദ്യക്കുപ്പികൾ പെറുക്കിയെടുത്ത് കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചു. ഇതോടെ സ്ഥലത്ത് വലിയ തിക്കും തിരക്കുമുണ്ടായി.

ആളുകൾ റോഡിൽ തടിച്ചുകൂടിയതും കുപ്പികൾ ശേഖരിക്കാൻ തിരക്കുകൂട്ടിയതും മൂലം ഔട്ടർ റിംഗ് റോഡിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം ആളുകളെ നിയന്ത്രിക്കുകയും പൊട്ടാതെ അവശേഷിച്ച മദ്യശേഖരം സ്ഥലത്ത് നിന്ന് മാറ്റുകയും ചെയ്തു. തുടർന്ന് ക്രെയിൻ ഉപയോഗിച്ച് മറിഞ്ഞുകിടന്ന ലോറി റോഡിൽ നിന്ന് നീക്കം ചെയ്ത ശേഷമാണ് ഗതാഗതം പൂർവ്വസ്ഥിതിയിലായത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories